ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ അനുവദിക്കില്ല: ഡിഎച്ച്ആർഎം
ആര്‍എസ്എസ് രൂപീകരണത്തിന്റെ നൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ രാജ്യത്തെ പൂര്‍ണമായും ഹൈന്ദവ വത്കരിക്കാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.
അടൂർ: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ സംഘപരിവാര ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ ദലിതര്‍ അനുവദിച്ചുകൊടുക്കില്ലെന്ന് ഡിഎച്ച്ആര്‍എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം അഭിപ്രായപ്പെട്ടു. ഡിഎച്ച്ആര്‍എം കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയുടെ സമാപന സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് രൂപീകരണത്തിന്റെ നൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ രാജ്യത്തെ പൂര്‍ണമായും ഹൈന്ദവ വത്കരിക്കാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ജന്മാവകാശമായ പൗരത്വത്തെ മതാടിസ്ഥാനത്തില്‍ വീതംവയ്ക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനാ ശില്‍പി ഡോ.ബി ആര്‍ അംബേദ്കറുടെ ആശയ സംഹിതകള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട ദലിത് ജനവിഭാഗങ്ങള്‍ എക്കാലവും ഇതിനെ ചോദ്യംചെയ്യുമെന്നും സജി പറഞ്ഞു.
തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യന്‍കാളി സ്‌ക്വയറില്‍ എസ്എസ്എസ്ടി പാര്‍ലമെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുബ്രഹ്മണ്യന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ആറ്റിങ്ങല്‍ തത്തുഅണ്ണന്റെ സ്മൃതിമണ്ഡപം, പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, കൊല്ലം, കടപ്പാക്കട, കൊട്ടാരക്കര, ഏനാത്ത് വഴി അടൂരില്‍ സമാപിച്ചു. ഡിഎച്ച്ആര്‍എം സംസ്ഥാന സെക്രട്ടറി ഷണ്‍മുഖന്‍ പരവൂര്‍, ചെയര്‍പേഴ്സണ്‍ സിന്ധു പത്തനാപുരം, ട്രഷറര്‍ ബൈജു പത്തനാപുരം, വൈസ് ചെയര്‍മാന്‍ വിജയകുമാര്‍ വെളിച്ചിക്കാല തുടങ്ങിയവര്‍ സംസാരിച്ചു