കള്ളവോട്ട്: സിപിഎമ്മിനെതിരേ വീണ്ടും പരാതി
തിരുവനന്തപുരത്തും കണ്ണൂരുമാണ് വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ ഒരു ബൂത്തില്‍ മാത്രം 22 കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി.
തിരുവനന്തപുരം: കള്ളവോട്ട് വിവാദത്തില്‍ സിപിഎമ്മിന് വീണ്ടും തലവേദന. തിരുവനന്തപുരത്തും കണ്ണൂരുമാണ് വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന് ബിജെപി ആരോപണമാണ് ഇതില്‍ പുതിയത്. കള്ളവോട്ട് ചെയ്തവരുടെ ലിസ്റ്റും ബിജെപി ജില്ലാ കമ്മിറ്റി ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ ഒരു ബൂത്തില്‍ മാത്രം 22 കള്ളവോട്ട് ചെയ്തുവത്രേ.
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ 18ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ കള്ളവോട്ട് നടന്നതായി ബിജെപി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. യഥാര്‍ത്ഥ വോട്ടര്‍മാര്‍ സ്ഥലത്തില്ലാതിരുന്നിട്ടും അപരന്‍മാര്‍ വോട്ട് ചെയ്ത 22 പേരുടെ പട്ടികയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബിജെപി കൈമാറിയിട്ടുണ്ട്. കാട്ടായിക്കോണത്തെ 18ാം നമ്പര്‍ ബൂത്തിലെ വെബ്കാമറ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി സിപിഎം നേതൃത്വത്തില്‍ കള്ളവോട്ട് ചെയ്തതിനെതിരെ കൂടുതല്‍ പരാതി നല്‍കാന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു. വ്യക്തമായ തെളിവുകള്‍ ശേഖരിച്ച് ബൂത്ത്തലത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കള്ളവോട്ടിനും വോട്ട് നീക്കം ചെയ്തതിനും എതിരെ ശക്തമായ നിയമ പോരാട്ടം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.
ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ അധ്യക്ഷതയിലാണ് നേതൃയോഗം നടന്നത്. കണ്ണൂര്‍, കാസര്‍കോട്,വടകര പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജില്ലയില്‍ വ്യാപകമായി സിപിഎം നേതൃത്വത്തില്‍ കള്ളവോട്ട് നടന്നിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
ഭരണ സംവിധാനം ദുരുപയോഗം ചെയ്തും ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും പല ബൂത്തുകളില്‍ നിന്നും പത്തിലധികം ഉറച്ച യുഡിഎഫ് വോട്ടുകള്‍ ഫൈനല്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നിയമവിരുദ്ധമായി നീക്കം ചെയ്തിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ ദിവസം 199 പേരുടെ പേരില്‍ കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തി പരാതികള്‍ നല്‍കിയത് കൂടാതെ, തെളിവ് സഹിതമുള്ള കൂടുതല്‍ പരാതികള്‍ നല്‍കുന്നതിനുവേണ്ടി പരിശോധന നടത്തി അതിശക്തമായ നിയമ പോരാട്ടം നടത്തുന്നതിനാണ് ഡിസിസി തീരുമാനം.