പുതവര്‍ഷ രാത്രിയില്‍ കൊച്ചിയില്‍ വീട് കുത്തിത്തുറന്ന് 11 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

പുതുക്കലവട്ടത്ത് ഇലക്ട്രിക്കല്‍ കരാറുകാരനായ പ്ലാസിഡിന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാര്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പോയ സമയത്തായിരുന്നു മോഷണം.വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറി മോഷ്ടാവ് അലമാരയില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്

Update: 2021-01-01 14:21 GMT

കൊച്ചി: പുതുവര്‍ഷത്തിലെ രാത്രിയില്‍ വീട് കുത്തിത്തുറന്ന് 11 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരങ്ങള്‍ മോഷ്ടിച്ചു. പുതുക്കലവട്ടത്ത് ഇലക്ട്രിക്കല്‍ കരാറുകാരനായ പ്ലാസിഡിന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാര്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പോയ സമയത്തായിരുന്നു മോഷണം.

വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറി മോഷ്ടാവ് അലമാരയില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. അലമാരയുടെ പൂട്ട് കുത്തിപ്പൊളിച്ച് തുറന്ന ശേഷം ഉളളിലുണ്ടായിരുന്ന താക്കോല്‍ തപ്പിയെടുത്ത് ലോക്കര്‍ തുറന്നാണ് സ്വര്‍ണമെടുത്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. സമീപത്ത് താമസിക്കുന്ന ബന്ധു രാവിലെ നോക്കിയപ്പോഴാണ് വാതില്‍ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വീട്ടുടമയെയും പോലിസിനെയും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടമായെന്ന് വ്യക്തമായത്.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെ പിടികൂടാന്‍ ഊര്‍ജിതമായ ശ്രമം നടത്തിവരുന്നതായി പോലിസ് പറഞ്ഞു. പ്രദേശത്ത് സിസിടിവി കാമറ സൗകര്യം ഇല്ലാത്തതിനാല്‍ അന്വേഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രദേശത്തേക്കുള്ള വഴിയിലും മറ്റും രാത്രിയില്‍ സംശയാസ്പദമായി കണ്ട ആളുകളെ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഏലൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് 300 പവന്‍ മോഷണം നടത്തിയ കേസിലെ പ്രതികളെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെച്ച് പിടികൂടിയിരുന്നു.ഇതിനു പിന്നാലെയാണ് വീണ്ടും പ്രദേശത്ത് മോഷണം നടന്നിരിക്കുന്നത്.

Tags:    

Similar News