കുടിയിറക്കലിന്റെ പേരില്‍ പോലിസ് നടത്തിയത് നരഹത്യ: രമേശ് ചെന്നിത്തല

ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെയാണ് പോലിസ് അവരെ മരണത്തിലേക്ക് എറിഞ്ഞത്. തലചായ്ക്കാനുള്ള കൂര രക്ഷിച്ചെടുക്കാനുള്ള അറ്റകൈ പ്രയോഗമായി തലയില്‍ പെട്രോള്‍ ഒഴിച്ചുനിന്ന രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്ത് തീ പടര്‍ന്നത് പോലിസിന്റെ നടപടി കാരണമാണ്.

Update: 2020-12-29 15:59 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അതിയന്നൂര്‍ നെടുന്തോട്ടം ലക്ഷം വീട് കോളനിയില്‍ പുറമ്പോക്കില്‍ ഒറ്റമുറി വീടുവച്ച് താമസിച്ചിരുന്ന ദരിദ്രകുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ദമ്പതികള്‍ തീപ്പിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഈ ദാരുണസംഭവമുണ്ടായത് പോലിസിന്റെ ദുര്‍വാശിയും ധിക്കാരവും കാരണമാണ്. കുടിയൊഴിപ്പിക്കലിന്റെ പേരില്‍ പോലിസ് നടത്തിയത് നരഹത്യയാണ്.

അരമണിക്കൂര്‍ കാത്തിരുന്നാല്‍ അനുകൂലവിധി ഉണ്ടാവുമെന്ന് കരഞ്ഞുപറഞ്ഞിട്ടും അത് വകവയ്ക്കാതെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നില്‍നിന്നും കുടുംബത്തെ വലിച്ചിറക്കാനാണ് പോലിസ് ശ്രമിച്ചത്. ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെയാണ് പോലിസ് അവരെ മരണത്തിലേക്ക് എറിഞ്ഞത്. തലചായ്ക്കാനുള്ള കൂര രക്ഷിച്ചെടുക്കാനുള്ള അറ്റകൈ പ്രയോഗമായി തലയില്‍ പെട്രോള്‍ ഒഴിച്ചുനിന്ന രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്ത് തീ പടര്‍ന്നത് പോലിസിന്റെ നടപടി കാരണമാണ്.

സിഗരറ്റ് ലൈറ്റര്‍ പോലിസ് തട്ടിതെറിപ്പിച്ചപ്പോഴാണ് തീ ദമ്പതികളുടെ ദേഹത്തേക്ക് പടര്‍ന്നുപിടിച്ചത്. പോലിസിനെ കയറൂരി വിട്ടിരിക്കുന്നത് കാരണം അവര്‍ക്ക് എന്തും ചെയ്യാമെന്ന നിലയാണിപ്പോള്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഹങ്കാരം വര്‍ധിച്ചിരിക്കുകയാണ്. പാവങ്ങള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണിപ്പോള്‍. ഇതില്‍ കുറ്റക്കാരായ പോലിസുദ്യോഗസ്ഥര്‍ക്കെതിരേ നരഹത്യയ്ക്ക് കേസെടുക്കണം.

അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഈ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവരുടെ മൂത്ത മകന്‍ രാഹുല്‍ രാജുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. ക്വാറന്റൈയിന്‍ കഴിഞ്ഞാല്‍ ഇവരുടെ വീട് സന്ദര്‍ശിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News