നെയ്യാറ്റിന്‍കര സംഭവം: പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍; പരാതിക്കാരി വസന്ത പോലിസ് കസ്റ്റഡിയില്‍

ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്താണ് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അയല്‍വാസി വസന്തയെ പോലിസ് വീട്ടില്‍നിന്നും മാറ്റിയത്.

Update: 2020-12-29 10:38 GMT

തിരുവനന്തപുരം: കുടിയൊഴിപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ അയല്‍വാസിയും പരാതിക്കാരുമായ സ്ത്രീയെ പോലിസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്താണ് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അയല്‍വാസി വസന്തയെ പോലിസ് വീട്ടില്‍നിന്നും മാറ്റിയത്. വസന്തയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വീടിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതിനുശേഷമാണ് ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ ഇവര്‍ക്കെതിരേ പരാതിയൊന്നും നിലനില്‍ക്കുന്നില്ല.

എന്നാല്‍, മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍ ഇവര്‍ക്കെതിരേ പ്രതിഷേധമുയരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലിസ് നടപടി. വസന്തയെ പോലിസ് വീട്ടില്‍നിന്നും മാറ്റുന്നതിനിടെയും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. അവകാശവാദമുന്നയിച്ച ഭൂമി തന്റേത് തന്നെയാണെന്ന് വസന്ത നേരത്തെ പ്രതികരിച്ചിരുന്നു. ഭൂമി വിട്ടുനല്‍കില്ലെന്നും പരാതിയുമായി മുന്നോട്ടുപോവുമെന്നും വസന്ത വ്യക്തമാക്കിയിരുന്നു. കേസുമായി മുന്നോട്ടുപോവില്ലെന്ന് അറിയിച്ച പരാതിക്കാരി, പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

സ്വന്തം ഭൂമി ലഭിക്കാന്‍ നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചത്. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിയമവഴിയില്‍ വിജയം നേടിയ ശേഷമേ ഭൂമി വിട്ടുകൊടുക്കൂ എന്നാണ് വസന്ത ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ഇളയമകന്‍ രഞ്ജിത്ത് മന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം പ്രതികരിച്ചിരുന്നു. വസന്തയെ കസ്റ്റഡിയിലെടുക്കാന്‍ മന്ത്രി പോലിസിന് നിര്‍ദേശം നല്‍കി.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിപിയുടെ നിര്‍ദേശപ്രകാരം റൂറല്‍ എസ്പി ബി അശോക് അന്വേഷണം തുടങ്ങി. കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ അഡ്വക്കേറ്റ് കമ്മീഷന്റെയും പോലിസിന്റെയും മുന്നിലാണ് ദമ്പതികളായ രാജന്‍ (47), അമ്പിളി (40) എന്നിവര്‍ ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയത്. ഗുരുതരമായ പൊള്ളലേറ്റ രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. രാജന്റെ മൃതദേഹം തിങ്കളാഴ്ച തര്‍ക്കപ്രദേശത്തുതന്നെ സംസ്‌കരിച്ചിരുന്നു. ഭാര്യയുടെ മൃതദേഹം ഇന്ന് വൈകീട്ട് രാജന്റെ കുഴിമാടത്തിന് സമീപം സംസ്‌കരിക്കും.

Tags:    

Similar News