മലപ്പുറത്ത് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മര്‍ദ്ദനമെന്ന് ബന്ധുക്കള്‍
മലപ്പുറം: പൂരത്തിനിടെയുണ്ടായ അടിപിടിയെ ചൊല്ലി മലപ്പുറം പാണ്ടിക്കാട് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. പോലിസിന്റെ മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പാണ്ടിക്കാട് പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍(36) ആണ് മരണപ്പെട്ടത്. ഇന്നലെയാണ് മൊയ്തീന്‍കുട്ടിയെ പോലിസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. കസ്റ്റഡി മര്ദ്ദനമാണ് മരണകാരമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, മൊയ്തീന്‍ കുട്ടി സ്‌റ്റേഷനില്‍ എത്തിയതിന് പിന്നാലെ കുഴഞ്ഞുവീണെന്നാണ് പോലിസ് പറയുന്നത്. സ്‌റ്റേഷനല്‍ വച്ച് മര്‍ദ്ദിച്ചിട്ടില്ലെന്നും കുഴഞ്ഞുവീണ മൊയ്തീന്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതായും പോലിസ് പറയുന്നു.
പോലിസിന്റെ ഔട്ട് ഹൗസിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും ശബ്ദം കേള്‍ക്കാതിരിക്കാന്‍ വാതിലടച്ചെന്നും നാട്ടുകാരനായ ദൃക്‌സാക്ഷി പറഞ്ഞു.