സ്വർണക്കടത്ത് കേസ്: സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി
സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടോയെന്ന അന്വേഷണത്തിൽ നിർണായകമായി കരുതുന്ന സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ശേഖരിച്ചത്.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി. എക്‌സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജൂലൈ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയത്. സെക്രട്ടേറിയിലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് എന്‍ഐഎ നേരത്തെ കത്ത് നല്‍കിയിരുന്നു.
സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടോയെന്ന അന്വേഷണത്തിൽ നിർണായകമായി കരുതുന്ന സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ശേഖരിച്ചത്. സെക്രട്ടേറിയറ്റിലെ ഇലട്രോണിക്സ് വിഭാഗമാണ് ദൃശ്യങ്ങൾ മറ്റൊരു ഹാർഡ് ഡിസ്‌കിലേക്ക് പകർത്തിയത്. സ്വർണം പിടിച്ചതിന് ശേഷമോ അതിന് മുമ്പോ എം ശിവശങ്കർ പ്രതികളുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തിയോയെന്ന് കണ്ടെത്തുന്നതിനാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്.
ജൂലൈ ഒന്ന് മുതൽ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻഐഐ പൊതുഭരണ വകുപ്പിന് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. നോർത്ത് ബ്ലോക്കിലേത് ഉൾപ്പടെ സെക്രട്ടേറിയേറ്റിലെ 63 ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിച്ചത്.