നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ഇനി മുതല്‍ എക്‌സ്പ്രസ്സ് തീവണ്ടിയാകും
പാസഞ്ചറുകള്‍ എക്‌സ്പ്രസുകളാക്കി മാറ്റുമ്പോള്‍ നിരക്കുകൂട്ടാന്‍ സാധ്യതയുണ്ട്. ഒട്ടേറെ സ്‌റ്റേഷനുകള്‍ ഇല്ലാതാവുകയും ചെയ്യും. ഇത് മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയാസമാവും.
നഹാസ് എം നിസ്താര്‍
പെരിന്തല്‍മണ്ണ: ദിവസവും 200 കിലോമീറ്ററിലേറെ ദൂരം സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 10ലധികം തീവണ്ടികള്‍ എക്‌സ്പ്രസ്സുകളാവും. ഇതോടെ നിലമ്പൂര്‍ കോട്ടയം പാസഞ്ചര്‍ എക്‌സ്പ്രസ്സ് ആവും.
വേഗംകൂട്ടിയും സ്‌റ്റോപ്പുകള്‍ ഒഴിവാക്കിയുമാണ് പാസഞ്ചറുകളെ എക്‌സ്പ്രസുകളാക്കുന്നത്. രാജ്യമാകെ അഞ്ഞൂറിലേറെ വണ്ടികള്‍ ഉടന്‍തന്നെ ഇങ്ങനെ എക്‌സ്പ്രസുകളായി മാറും.
കൊവിഡ് കണക്കിലെടുത്തുള്ള താത്കാലിക നടപടിയാണോ ഇതെന്നു വ്യക്തമല്ല. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാസഞ്ചറുകള്‍ എക്‌സ്പ്രസുകളാക്കി മാറ്റുമ്പോള്‍ നിരക്കുകൂട്ടാന്‍ സാധ്യതയുണ്ട്. ഒട്ടേറെ സ്‌റ്റേഷനുകള്‍ ഇല്ലാതാവുകയും ചെയ്യും. ഇത് മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയാസമാവും. റെയില്‍വേക്ക് പാസഞ്ചറുകള്‍ ലാഭകരമല്ലെന്നാണ് പറയുന്നത്. ചെറിയ സ്‌റ്റേഷനുകള്‍ക്ക് പ്രവര്‍ത്തനച്ചെലവും കൂടുതലാണ്. ലോക്കല്‍ വണ്ടികളിലൊന്നും ഇപ്പോള്‍ റിസര്‍വേഷന്‍ കോച്ചുകളില്ല. എക്‌സ്പ്രസുകളില്‍ റിസര്‍വേഷന്‍ കോച്ചുകളുണ്ടാവും.