പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Update: 2023-02-16 15:45 GMT

ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ പാസഞ്ചര്‍ ട്രെയിനിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്വറ്റയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ട്രെയിന്‍ ചിചാവത്‌നി ജില്ലയിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിന്റെ ശുചിമുറിയിലാണ് സ്‌ഫോടനമുണ്ടായത്. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചതായി ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപോര്‍ട്ട് ചെയ്യുന്നു.

സ്‌ഫോടനത്തിന്റെ സ്വഭാവം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പാകിസ്താന്‍ റെയില്‍വേ വക്താവ് ബാബര്‍ അലി പറഞ്ഞു. തീവ്രവാദ വിരുദ്ധ വിഭാഗത്തില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുകയാണെന്ന് മുളത്താന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഹമ്മദ് ഹസന്‍ പറഞ്ഞു. ആക്രമണം സംബന്ധിച്ച് റെയില്‍വേ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും പോലിസ് അന്വേഷണവും നടക്കുന്നുണ്ടെന്നും ഹസന്‍ പറഞ്ഞു. ജനുവരിയില്‍ ബോഗിയില്‍ സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഇതേ ട്രെയിനില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തില്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ക്കും റെയില്‍വേ ട്രാക്കിനും കേടുപാടുകള്‍ സംഭവിച്ചതായി ദി ട്രിബ്യൂണ്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News