മണിപ്പൂരില്‍ സ്‌ഫോടനം; രണ്ടുപേര്‍ കൊല്ലപ്പെട്ടു, അഞ്ചുപേര്‍ക്ക് പരിക്ക്, സ്‌ഫോടനം ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ്

Update: 2022-02-27 03:30 GMT

ഗുവാഹത്തി: മണിപ്പൂരിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 7.30ഓടെ മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഗാംഗ്പിമുവാല്‍ ഗ്രാമത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ആറ് വയസുള്ള കുട്ടി അടക്കമാണ് കൊല്ലപ്പെട്ടത്. ആദ്യഘട്ട വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. യാദൃശ്ചികമായുണ്ടായ സ്‌ഫോടനമെന്നാണ് സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത്. ബിഎസ്എഫ് ഫയറിങ് റേഞ്ചില്‍ പൊട്ടാതെ കിടന്ന മോര്‍ട്ടാര്‍ ഷെല്‍ നാട്ടുകാര്‍ എടുത്തപ്പോള്‍ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്.

വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മോര്‍ട്ടാര്‍ ഷെല്ല് കുട്ടികള്‍ കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മംഗ്മിന്‍ലാല്‍ (6), ലാങ്കിന്‍സാങ് (22) എന്നിവര്‍ മരണപ്പെടുകയായിരുന്നുവെന്ന് ജില്ലാ പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും സേനാംഗങ്ങളും സ്ഥലത്തെത്തി. സ്‌ഫോടന നടന്ന സ്ഥലത്ത് മോര്‍ട്ടാര്‍ ഷെല്ലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. 60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുക. 15 വനിതാ സ്ഥാനാര്‍ഥികള്‍ അടക്കം 173 സ്ഥാനാര്‍ഥികളാണ് മല്‍സരംരംഗത്തുള്ളത്. 1222713 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യുക.

Tags:    

Similar News