തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് പുതുതായി 80 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 50 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. ഇന്ന് ഉള്‍പ്പെടുത്തിയ 80 പേര്‍ അടക്കം നിലവില്‍ ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 77 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 171 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 84 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്.
പ്രൈമറി പട്ടികയിലുള്ള 128 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. മരിച്ച 24 കാരന്‍ പഠിച്ചിരുന്ന ബെംഗളൂരുവിലെ കോളേജില്‍ നിന്നുള്ള 30 പേരും സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്. ഇവര്‍ ലോ റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. രോഗലക്ഷണങ്ങളുമായി നാല് പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം ആറു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. നിപ ജാഗ്രതയുടെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ മുറികളും ആറ് ഐ.സി.യു ബെഡുകളും ആറു വെന്റിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്.