നിപ; മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി

Update: 2024-09-16 05:00 GMT

മലപ്പുറം: ജില്ലയില്‍ യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗത്തിനെതിരെ ജാഗ്രതയില്‍ മലപ്പുറം. ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. വ്യാപാരസ്ഥാപനങ്ങള്‍ 10 മണി മുതല്‍ 7 മണി വരെ പ്രവര്‍ത്തിക്കാവൂ. സിനിമ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കരുത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്‌കൂള്‍, കോളേജുകള്‍ മദ്രസ, അംഗനവാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവൃത്തി സമയത്ത് മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കി.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രങ്ങള്‍ ഉണ്ടാവും.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.



Tags:    

Similar News