കോഴിക്കോട്: കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവരില്‍ രണ്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരുടെ ഫലം നെഗറ്റീവായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ അടുത്ത സമ്പര്‍ക്ക പട്ടികയിലുള്ളതും രോഗലക്ഷണമുള്ളതുമായ പത്ത് പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
എട്ട് പേരുടെ പരിശോധനാ ഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും രണ്ടുപേരുടേത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരുക്കിയ ട്രൂനാറ്റ് പരിശോധനയിലുമാണ് നെഗറ്റീവ് ഫലം ലഭിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരിശോധനയ്ക്കയച്ചതില്‍ മൂന്ന് പേരുടെ ഫലം കൂടി ലഭ്യമാവാനുണ്ട്. കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ളവരാണ് നെഗറ്റീവായ പത്ത് പേരും. വളരെ അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവാണെന്നുള്ളത് ആ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ സാംപിളുകള്‍ ഇന്ന് തന്നെ പരിശോധിക്കാന്‍ സാധിക്കും. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്.