നിപ: മൃഗങ്ങളില്‍നിന്ന് ശേഖരിച്ച സാംപിളുകളും നെഗറ്റീവ്

Update: 2021-09-11 18:47 GMT

കോഴിക്കോട്: നിപ ആശങ്കയ്ക്ക് വിരാമമിട്ട് മൃഗങ്ങളില്‍നിന്ന് ശേഖരിച്ച സാംപികളും നെഗറ്റീവായി. വവ്വാലുകളുടെയും ആടുകളുടെയും സാംപിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ചാത്തമംഗലത്തനിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്. ഭോപാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഇവ പരിശോധിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചത്തുകിടന്ന വവ്വാലുകള്‍, രോഗലക്ഷണങ്ങള്‍ കണ്ട ആടുകള്‍ എന്നിവയുടെ സാംപിളുകളാണ് ഭോപാലില്‍ പരിശോധിച്ചത്.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് വിദഗ്ധര്‍ നടത്തുന്ന പഴംതീനി വവ്വാലുകളിലെ പരിശോധന മേഖലയില്‍ തുടരുന്നുണ്ട്. ഇവയുടെ പരിശോധനയില്‍ നിപ ബാധയുണ്ടോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ച സാംപിളുകള്‍ നെഗറ്റീവ് ആണെന്നത് ആശ്വാസം പകരുമ്പോഴും വൈറസിന്റെ ഉറവിടം കണ്ടെത്താനാവാത്തത് ആരോഗ്യവകുപ്പിനെ കുഴയ്ക്കുകയാണ്.

മരിച്ച കുട്ടിയുമായി സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവായിട്ടുണ്ട്. ഇതോടെ ആകെ 108 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായതെന്നും മന്ത്രി വ്യക്തമാക്കി. 94 പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും ഇത് ആശ്വാസകരമായ സാഹചര്യമാണെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരെ പ്രത്യേകമായി നിരീക്ഷിച്ചുവരികയാണ്.

Tags:    

Similar News