പ്രശ്നം കപ്പിത്താന്റെ മുറിയില്‍; കെ ടി ജലീല്‍ ദിവ്യപുരുഷനാണെന്നും പ്രതിപക്ഷം

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആകെ 9.25 കോടി കമ്മീഷന്‍ പറ്റിയെന്നും ഇതില്‍ 'ബെവ്കോ' ആപ് സഖാവിന്റെ ബന്ധം അറിയണമെന്നും സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെയ്ക്കാനാണ് ഇപ്പോള്‍ ശ്രമം. കള്ളക്കടത്തിന് മന്ത്രി ജലീല്‍ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി.

Update: 2020-08-24 07:30 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ കള്ളക്കടത്തുസംഘം ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രി ആദരണീയനാണ്. പക്ഷെ ഭരണത്തെ നിയന്ത്രിക്കാനാകുന്നില്ല. പ്രശ്നം കപ്പിത്താന്റെ മുറിയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ആസ്ഥാനമായി മാറി. മൂന്നാംകിട കള്ളക്കടത്തു സംഘമാണ് ഓഫീസ് നിയന്ത്രിക്കുന്നതെന്നും, ഷേക്സ്പിയറിന്റെ നാടകത്തെ ഉദ്ധരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. നിയമസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കെട്ടകാലത്ത് കമ്മീഷന്‍ ഏജന്റുകളും കണ്‍സള്‍ട്ടന്റുകളും അവതാരങ്ങളുമെല്ലാം സെക്രട്ടേറിയറ്റിന്റെ ഇടനാഴികളില്‍ അലഞ്ഞുനടക്കുന്ന അപശകുനകാലമാണിത്. ദുര്യോധരനന്മാരും ദുശ്ശാസ്സനന്മാരും ചെയ്യുന്ന എല്ലാ പ്രവര്‍ത്തിയും നാളെ പുറത്തുവരും. 51 വെട്ടുവെട്ടി ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്.

പാവപ്പെട്ടവര്‍ക്ക് അത്താണിയാകേണ്ട ലൈഫ് മിഷനെ സര്‍ക്കാര്‍ കൈക്കൂലി മിഷനാക്കി മാറ്റി. ലൈഫില്‍ നാലര കോടിയല്ല ഒമ്പതേകാല്‍ കോടിയാണ് നല്‍കിയത്. ലൈഫ് പ്രോജക്ട് പദ്ധതിയുടെ 46 ശതമാനമാണ് കൈക്കൂലിയായി കൊടുത്തത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആകെ 9.25 കോടി കമ്മീഷന്‍ പറ്റിയെന്നും ഇതില്‍ 'ബെവ്കോ' ആപ് സഖാവിന്റെ ബന്ധം അറിയണമെന്നും സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെയ്ക്കാനാണ് ഇപ്പോള്‍ ശ്രമം. കള്ളക്കടത്തിന് മന്ത്രി ജലീല്‍ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയെന്നും കുറ്റപ്പെടുത്തി. വിശുദ്ധ ഗ്രന്ഥത്തെ മറയാക്കേണ്ടത് തട്ടിപ്പിനല്ല. സ്വന്തം അധ്വാനത്തില്‍ നിന്നു മാണ് സക്കാത്ത് കൊടുക്കേണ്ടത്. ജലീല്‍ ദിവ്യപുരുഷനാണ്. സര്‍ക്കാരിന് കിട്ടേണ്ട പണമെല്ലാം എല്ലാവരെയും ഫോണ്‍ ചെയ്ത് ജലീല്‍ കൊണ്ടുവരും. അത്രയ്ക്ക് മിടുക്കനാണെന്നും സതീശന്‍ പരിഹസിച്ചു. കണ്‍സള്‍ട്ടന്‍സിയോട് അതിയായ താല്‍പ്പര്യമാണ്. അദാനിയോട് മല്‍സരിക്കുമ്പോല്‍ അദാനിയുടെ അമ്മായിയപ്പനെ തന്നെ കണ്‍സള്‍ട്ടന്റാക്കണം. അതാണ് സര്‍ക്കാര്‍ ചെയ്തത്. വിമാനത്താവള ടെന്‍ഡറില്‍ ലേലതുക അദാനിക്ക് ചോര്‍ത്തി നല്‍കി. കണ്‍സള്‍ട്ടന്‍സി രാജാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതേക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കുമോയെന്ന് സതീശന്‍ ചോദിച്ചു.

Tags:    

Similar News