ഇനി കൊള്ള നടക്കില്ല; ആംബുലന്‍സിന് നിശ്ചിത വാടക വരുന്നു
വാടക നിശ്ചയിക്കാത്തതിനാല്‍ ആംബുലന്‍സുകള്‍ തോന്നിയ വാടക ഈടാക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത കമ്മീഷണര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
കൊല്ലം: ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിക്കുമെന്ന് സര്‍ക്കാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വാടക നിശ്ചയിക്കാത്തതിനാല്‍ ആംബുലന്‍സുകള്‍ തോന്നിയ വാടക ഈടാക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത കമ്മീഷണര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
ആംബുലന്‍സിന്റെ വാടക നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യോഗം ചേര്‍ന്നതായി കത്തില്‍ പറയുന്നു. യോഗത്തിന്റെ മിനിറ്റ്‌സ് അംഗീകരിക്കാന്‍ ഫെയര്‍ റിവിഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് രാമചന്ദ്രന് അയച്ചു കൊടുത്തു. മിനിറ്റ്‌സ് അംഗീകരിച്ചാലുടന്‍ വാടക നിശ്ചയിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കത്തില്‍ പറയുന്നു.
കരുനാഗപ്പള്ളി സ്വദേശി സിദ്ധിഖ് മംഗലശേരി നല്‍കിയ പരാതിയിലാണ് നടപടി. നിര്‍ദ്ധനരായ രോഗികള്‍ പിരിവെടുത്താണ് അമിത ചാര്‍ജ് നല്‍കുന്നതെന്ന് പരാതിയില്‍ പറയുന്നു. സ്റ്റാന്റില്‍ നിന്നും ആശുപത്രിയിലെക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തില്‍ വാടക നിശ്ചയിക്കണമെന്നും അത് വാഹനത്തിലും സ്റ്റാന്റിലും പ്രദര്‍ശിപ്പിക്കണമെന്നുമാണ് ആവശ്യം.
നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കുന്ന ആംബുലന്‍സ് വാടക കൊള്ളക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഗതാഗത കമ്മീഷണര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. വാടക കൊടുക്കാന്‍ പണം തികയാതെ വരുമ്പോള്‍ പാവപ്പെട്ട രോഗികള്‍ കൈയിലുള്ള വാച്ചും പണ്ടവും ആംബുലന്‍സ് ഡ്രൈവര്‍ക്ക് പണയം വയ്ക്കുന്നതായി അന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. കരുനാഗപ്പള്ളി സ്വദേശി നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.