ശമ്പള കുടിശ്ശികയും അലവന്‍സുമില്ല; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നാളെ മുതല്‍ സമരത്തിലേക്ക്

നാളെ മുതല്‍ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണങ്ങള്‍ ആരംഭിക്കും. വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കൊവിഡ്- നോണ്‍ എമര്‍ജന്‍സി യോഗങ്ങള്‍ എന്നിവയാണ് ബഹിഷ്‌കരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനതലത്തില്‍ ഡോക്ടര്‍മാര്‍ വഞ്ചനാദിനം ആചരിക്കും.

Update: 2021-03-02 07:17 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. നാളെ മുതല്‍ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണങ്ങള്‍ ആരംഭിക്കും. വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കൊവിഡ്- നോണ്‍ എമര്‍ജന്‍സി യോഗങ്ങള്‍ എന്നിവയാണ് ബഹിഷ്‌കരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനതലത്തില്‍ ഡോക്ടര്‍മാര്‍ വഞ്ചനാദിനം ആചരിക്കും.

എല്ലാ ദിവസവും കരിദിനം ആചരിക്കും. മാര്‍ച്ച് 10ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. 17ന് 24 മണിക്കൂര്‍ ഒപിയും നേരത്തെ നിശ്ചയിച്ചിട്ടുള്ള ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കാനും തീരുമാനമായി. സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാര്‍ക്കും കാലതാമസം കൂടാതെ ശമ്പള വര്‍ധന നല്‍കിയപ്പോള്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ചു സംസ്ഥാനത്തെ കൊവിഡ് ദുരന്തത്തില്‍നിന്നു കരകയറ്റാന്‍ പ്രയത്‌നിച്ച മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും നല്‍കിയില്ലെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി.

ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്നും അനാവശ്യസമരത്തിലേക്ക് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ തള്ളിയവിടരുതെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുമായി രണ്ടാഴ്ച മുമ്പ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ശമ്പള കുടിശ്ശിക ഉടന്‍ അനുവദിക്കാമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ആവശ്യങ്ങള്‍ പരിഗണിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതിനുള്ള നടപടി ഉണ്ടാവാത്തതിനാലാണ് ഡോക്ടര്‍ സമരത്തിലേക്ക് നീങ്ങിയത്.

Tags:    

Similar News