സര്‍ക്കാരിനെതിരെ സമരം ശക്തമാക്കുമെന്ന് യുഡിഎഫ്; നവംബര്‍ ഒന്ന് വഞ്ചനാദിനമായി ആചരിക്കും

സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും 10 പേരടങ്ങുന്ന സംഘം അന്നേ ദിവസം വഞ്ചനാദിനാചരണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.20,000ത്തോളം വാര്‍ഡുകളിലായി രണ്ടു ലക്ഷത്തോളം പേര്‍ ഈ സമരത്തില്‍ പങ്കെടുക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് യുഡിഎഫിന്റെ തീരുമാനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Update: 2020-10-23 09:55 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കുമെതിരെ അന്തിമ പോരാട്ടത്തിന് യുഡിഎഫ് തയാറെടുക്കുകയാണെന്നും ഇതിന്റെ ഭാഗമായി കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൊച്ചിയില്‍ ചേര്‍ന്ന് യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും 10 പേരടങ്ങുന്ന സംഘം അന്നേ ദിവസം വഞ്ചനാദിനാചരണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.20,000ത്തോളം വാര്‍ഡുകളിലായി രണ്ടു ലക്ഷത്തോളം പേര്‍ ഈ സമരത്തില്‍ പങ്കെടുക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് യുഡിഎഫിന്റെ തീരുമാനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്പ്രിന്‍ക്ലറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.ഇപ്പോള്‍ സ്പ്രിന്‍ക്ലര്‍ എന്ന സ്ഥാപനം കേരളത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം എങ്ങനെയുണ്ടായി.ഈ അമേരിക്കന്‍ കമ്പനിക്ക് കേരളത്തിലെ ജനങ്ങളുടെ ജീവല്‍ പ്രധാനമായ ആരോഗ്യ രേഖകള്‍ മുഴുവന്‍ വിറ്റുകാശാക്കാനുള്ള അവസരം നല്‍കിയതിന് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സ്പ്രിന്‍ക്ലര്‍ കമ്പനിയുടെ ഏതു സേവനമാണ് കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉപയോഗിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.അതുപോലെ തന്നെ ബെവ്‌കോ ആപ്പിന്റെ കാര്യത്തില്‍ നടന്ന അഴിമതിയും എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്.ലൈഫ് പദ്ധതിയില്‍ നടന്ന വലിയ തോതിലുളള അഴിമതി,സ്വര്‍ണക്കള്ളക്കടത്ത് വിഷയത്തിലെ ആരോപണങ്ങള്‍ ഇതെല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വ്യക്തി തന്നെ അഴിമതിക്കുരുക്കില്‍പെട്ടിരിക്കുന്നു.മുഖ്യമന്ത്രി ഒരോ ദിവസവും കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.കുറ്റങ്ങള്‍ ഏറ്റുപറയാന്‍ പറ്റാത്ത അവസ്ഥയില്‍ മുഖ്യമന്ത്രി എത്തിയിരിക്കുകയാണ്. അഴിമതിയില്‍ മുങ്ങിതാഴുന്ന ഇതു പോലൊരു സര്‍ക്കാരിനെ കേരള ചരിത്രത്തില്‍ കാണാന്‍ കഴിയില്ല.

സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കള്ളക്കടത്ത്കാര്‍ക്ക് പിന്തുണകൊടുക്കുകയും ചെയ്തിട്ട് അതെല്ലാം മറച്ചു വെയ്ക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ഇവിടെയുള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ സ്വപ്‌ന സുരേഷും ശിവശങ്കറും പെടാപാടുപെടുകയാണ്. പരസ്പര സഹായസഹകരണ സംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നത്.കേരളത്തിലെ ജനങ്ങളെ വിഢികളാക്കിക്കൊണ്ട് അഴിമതിയില്‍ മുങ്ങിത്താഴുന്ന സര്‍ക്കാരായി ഈ സര്‍ക്കാര്‍ അനുദിനം മാറുകയാണ്.ഇത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റ് വേണ്ടെന്നു വെച്ചിരിക്കുന്ന സര്‍ക്കാര്‍ തീരുമാനം സാങ്കേതികത്വത്തിന്റെ പേരിലല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.നിര്‍ബന്ധമായി ഓഡിറ്റ് നടത്തേണ്ട സ്ഥാനത്ത് അത് വേണ്ടെന്ന് വെച്ചത് അഴിമതി മൂടിവെയ്ക്കാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.ലൈഫ് ഉള്‍പ്പെടെയുള്ള പദ്ധതികളിലെ അഴിമതികള്‍ പുറത്തുവരുമെന്നുള്ള പേടികൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും ഇതില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.നെല്ലുസംഭരണം അടക്കമുളള കാര്യങ്ങളും അവതാളത്തിലാണ്.റബര്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്.പിന്‍വാതില്‍ നിയമനങ്ങളും അനധികൃതമായ നിയമനങ്ങളും തകൃതിയായി നടക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും പി എസ് സി ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

Similar News