പൗരത്വ നിയമ ഭേദഗതി : മുസ് ലിം വിരോധത്തിനൊപ്പം ആര്‍എസ് എസ് ലക്ഷ്യമിടുന്നത് ഹിന്ദു വര്‍ഗീയ ഏകീകരണം-മന്ത്രി തോമസ് ഐസക്ക്

പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ ഹിന്ദുരാഷ്ട്ര സ്ഥാപനമെന്ന ആര്‍എസ്എസ് അജന്‍ഡ ഇന്ത്യന്‍ യുവത പൊളിച്ചു.കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ല. കശ്മീരിനെപ്പോലെ കേരളത്തെ വിഭജിക്കാന്‍ അമിത് ഷായെ അനുവദിക്കില്ല. എന്‍ആര്‍സിയെ എതിര്‍ക്കുന്നവര്‍ എന്‍പിആറിനെയും എതിര്‍ക്കണം. ഇക്കാര്യത്തില്‍ കേരളത്തിന്റെ മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും പിന്തുടരണം

Update: 2019-12-30 13:25 GMT

കൊച്ചി: മുസ്‌ലിം വിരോധത്തിനൊപ്പം ഹിന്ദു വര്‍ഗീയ ഏകീകരണമാണ് പൗരത്വനിയമ ഭേദഗതിയിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ ഹിന്ദുരാഷ്ട്ര സ്ഥാപനമെന്ന ആര്‍എസ്എസ് അജന്‍ഡ ഇന്ത്യന്‍ യുവത പൊളിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്. സൈമണ്‍ ബ്രിട്ടോയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ മതേതരത്വം സംരക്ഷിക്കാനുള്ള ചെറുത്തുനില്‍പ്പില്‍ ജാതി, മത ചിന്തകള്‍ക്കതീതമായി ജനസമൂഹമാകെ പങ്കാളികളാകുകയാണെന്നും മന്ത്രി പറഞ്ഞു. പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭങ്ങള്‍ എല്ലാ സംസ്ഥാനത്തും ഉയരുന്നുണ്ട്. ഈ പോരാട്ടങ്ങളെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നതിനെതിരെയുള്ള പോരാട്ടങ്ങളുമായി ബന്ധിപ്പിക്കണം.

സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര ധന കമീഷന്‍ തീരുമാനത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രതിഷേധിച്ചു. കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ല. കശ്മീരിനെപ്പോലെ കേരളത്തെ വിഭജിക്കാന്‍ അമിത് ഷായെ അനുവദിക്കില്ല. എന്‍ആര്‍സിയെ എതിര്‍ക്കുന്നവര്‍ എന്‍പിആറിനെയും എതിര്‍ക്കണം. ഇക്കാര്യത്തില്‍ കേരളത്തിന്റെ മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും പിന്തുടരണം. കേരളത്തില്‍ വര്‍ഗീയ,തീവ്രവാദ ധ്രുവീകരണം അനുവദിക്കില്ല.ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുപിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികത്തകര്‍ച്ച മൂടിവയ്ക്കാനുള്ള ശ്രമമാണ്.

രാജ്യരക്ഷയുടെ പേരില്‍ വിഹിതം വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് കടുത്ത സാമ്പത്തികബാധ്യത വരുത്തും. 1600 കോടിയാണ് ഡിസംബറില്‍ കേന്ദ്രവിഹിതമായി തരേണ്ടത്. അത് ലഭിക്കുമെന്ന് ഉറപ്പില്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.സിപിഎം എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. സിപിഎം നേതാവ് എം എം ലോറന്‍സ്, ജസ്റ്റിസ് വി കെ മോഹനന്‍, ഡോ. കെ ആര്‍ വിശ്വംഭരന്‍, ബ്രിട്ടോയുടെ അമ്മ ഐറിന്‍ റോഡ്രിഗസ്, സീന ബ്രിട്ടോ, മകള്‍ കയീനില, അഡ്വ. എം അനില്‍കുമാര്‍, സിപിഎം ഏരിയ സെക്രട്ടറി പി എന്‍ സീനുലാല്‍,അഡ്വ. എസ് കൃഷ്ണമൂര്‍ത്തി പങ്കെടുത്തു. 

Tags:    

Similar News