പ്രമുഖ പ്രവാസി വ്യവസായി പി എ റഹ്മാന്‍ അന്തരിച്ചു
കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് 4ന് കടവത്തൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു.
കോഴിക്കോട്: പ്രമുഖ പ്രവാസി വ്യവസായിയും പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാനും സിഎംഡിയുമായ പി എ റഹ്മാന്‍ (71) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് 4ന് കടവത്തൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു.
പുതിയപുരയില്‍ കുട്ട്യാലിയുടെയും ഖദീജയുടെയും മകനാണ്. സാധാരണ കുടുംബത്തില്‍ ജനിച്ച് തന്റെ കഠിനാധ്വാനംകൊണ്ട് ബിസിനസ് രംഗത്ത് ഉന്നതങ്ങള്‍ കീഴടക്കിയ പി എ റഹ്മാന്‍ നിരവധി ബിസിനസ് സംരംഭങ്ങളുടെ അമരക്കാരനാണ്. സൂപ്പര്‍മാര്‍ക്കറ്റ്, റെസ്‌റ്റോറന്റ്, ഹോള്‍ഡ് ഐറ്റംസ്, ഹോസ്പിറ്റല്‍ സംരംഭങ്ങളുടെ സ്ഥാപകനാണ്. സ്വര്‍ണാഞ്ജലി ജ്വല്ലറി ഗ്രൂപ്പ്, കല്ലിക്കണ്ടി എന്‍എഎം കോളജ് പ്രസിഡന്റ്, പാര്‍കോ മൗണ്ട് ഗയിഡ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാന്‍, പാറേമ്മല്‍ യുപി സ്‌ക്കൂള്‍ മാനേജര്‍, വടകരയിലെ നിര്‍ദിഷ്ട പാര്‍ക്കോ ഹോസ്പിറ്റല്‍ സ്ഥാപകനും സിഎംഡിയുമാണ്.
നിരവധി മേഖലകളില്‍ വിജയം കൈവരിച്ച റഹ്മാന്‍, ജീവകാരുണ്യമേഖലയിലും വേറിട്ട അടയാളപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിത്വമാണ്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായും ദുബായ് മിഡിലീസ്റ്റ് ചന്ദ്രികയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പള്ളികളും സ്വന്തമായി പണികഴിപ്പിച്ചിട്ടുണ്ട്. ഭാര്യമാര്‍: ഖദീജ, ആയിശ. അബ്ദുല്‍വാഫി ഏക മകനാണ്. സഹോദരങ്ങള്‍: പി പി അബൂബക്കര്‍, ആയിശ, പി പി അബ്ദുറഹിമാന്‍.