നഴ്‌സസ് ദിനത്തില്‍ സ്വകാര്യ അനുഭവങ്ങള്‍ മന്ത്രിയോട് പങ്കുവച്ച് നഴ്‌സുമാര്‍
അടുത്തുവന്ന് കൊഞ്ചിപ്പറയുന്ന മകളെ എടുത്ത് മടിയിലിരുത്തി ലാളിക്കാനും ഉമ്മ വയ്ക്കാനും കൊതിയുണ്ട്. പക്ഷേ... നിരീക്ഷണ കാലയളവ് തീരാത്തതിനാല്‍ അകറ്റി നിര്‍ത്താനേ നിവൃത്തിയുള്ളൂ.
തിരുവനന്തപുരം: 'അമ്മേ, അമ്മ കൊറോണയെ പായിക്കാനാണോ പോയത്? കൊവിഡ് ഡ്യൂട്ടിയും നിരീക്ഷണവും കഴിഞ്ഞ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം അമ്മയെ കണ്ടപ്പോഴുള്ള ചാരുവിന്റെ കുഞ്ഞു നിഷ്‌കളങ്ക ചോദ്യം. അതെ എന്ന് ചിരിച്ചു കൊണ്ട് തലയാട്ടിയപ്പോള്‍ കുഞ്ഞുമുഖത്ത് അദ്ഭുതത്തിന്റേയും സന്തോഷത്തിന്റേയും ഒരായിരം കുഞ്ഞുപൂക്കള്‍ വിരിഞ്ഞത് എനിക്ക് കാണാമായിരുന്നു. അടുത്തുവന്ന് കൊഞ്ചിപ്പറയുന്ന മകളെ എടുത്ത് മടിയിലിരുത്തി ലാളിക്കാനും ഉമ്മ വയ്ക്കാനും കൊതിയുണ്ട്. പക്ഷേ... നിരീക്ഷണ കാലയളവ് തീരാത്തതിനാല്‍ അകറ്റി നിര്‍ത്താനേ നിവൃത്തിയുള്ളൂ. ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയണം. കുഞ്ഞ് പുറം തിരിഞ്ഞ് നടന്നപ്പോള്‍ ഒന്ന് കൈയെത്തി തൊടാന്‍ പോലും ആഗ്രഹിച്ചു. മാതൃത്വത്തിന്റെ മുന്നില്‍ തന്റെ സകല ധൈര്യവും ചോര്‍ന്നു പോവുകയായിരുന്നു. എങ്കിലും അതിജീവനമാണ്. ഈ രാത്രിയും കടന്നു പോകും. കടന്നു പോവുക തന്നെ ചെയ്യും...' ലോക നഴ്‌സസ് ദിനത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് ഷീനയുടെ കുറിപ്പ് അഡീ. ഡയറക്ടര്‍ നഴ്‌സിങ് എം ജി ശോഭന പങ്കുവച്ചപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു.
നഴ്‌സുമാരോടുള്ള ആദരവ് കൂടിയതായി മന്ത്രി കെ കെ ശൈലജ നഴ്‌സുമാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സ്വകാര്യമായ പല ദുഖങ്ങളും മറച്ചുവച്ചാണ് ഓരോ നഴ്‌സുമാരും കൊവിഡിനെതിരെ പൊരുതുന്നത്. ഓരോരുത്തര്‍ക്കും ഇതുപോലെ പല കഥകളും പറയാനുണ്ടാകും. ഏറ്റവുമധികം സമയം രോഗികളോട് ഇടപെടുന്നവരാണ് നഴ്‌സുമാര്‍. ഓരോ ആരോഗ്യ പ്രവര്‍ത്തകരുടേയും ആരോഗ്യം സര്‍ക്കാരിന് വളരെ പ്രധാനമാണ്. സുരക്ഷ ഉപകരണങ്ങളും പരിശീലനവും നല്‍കിക്കൊണ്ടു മാത്രമേ കൊവിഡ് പോസിറ്റീവ് രോഗികളെ ശുശ്രൂക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുന്നുള്ളൂ. ആവശ്യത്തിനുള്ള മരുന്ന്, പിപിഇ കിറ്റ്, മാസ്‌ക്, അതുപോലെ രോഗീ പരിചരണത്തിനാവശ്യമായ ജീവനക്കാര്‍, മറ്റ് സൗകര്യങ്ങള്‍, സാധന സാമഗ്രികള്‍ എല്ലാം തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാവരും അതീവ ജാഗ്രതയോടെ സ്വയം സുരക്ഷ നോക്കണം. ചെറിയ അശ്രദ്ധപോലും ആപത്തുണ്ടാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ വീണുപോയാല്‍ അവരെ രക്ഷിക്കാന്‍ ആരാണുണ്ടാകുക. ഓരോ നഴ്‌സിനും ബിഗ് സല്യൂട്ട്. അകാലത്തില്‍ പൊലിഞ്ഞ നഴ്‌സുമാരായ ലിനി, എ എ ആഷിഫ്, ഡോണ വര്‍ഗീസ് എന്നിവരെ ഈയവസരത്തില്‍ ഓര്‍ക്കുന്നതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ നൂറോളം ആശുപത്രികളില്‍ നിന്നായി 800 ഓളം നഴ്‌സുമാരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. മലപ്പുറം കുറ്റിപ്പുറം താലൂക്കാശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബെറ്റ്‌സി കൊവിഡ് പ്രതിരോധത്തെപ്പറ്റി പാടി ഹിറ്റായ ഗാനം ആലപിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പിന്തുണ ഒരിക്കല്‍ കൂടി നഴ്‌സുമാര്‍ അറിയിച്ചു. ഈ തിരക്കിനിടയിലും തങ്ങള്‍ക്ക് വേണ്ടി കുറേ സമയം കണ്ടെത്തിയ മന്ത്രിക്ക് നഴ്‌സുമാര്‍ നന്ദി അറിയിച്ചു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍ എല്‍ സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ റംലാ ബീവി, അഡീ. ഡയറക്ടര്‍ നഴ്‌സിങ് എം ജി ശോഭന എന്നിവര്‍ നഴ്‌സസ്ദിന ആശംസകള്‍ നേര്‍ന്നു.