സല്യൂട്ടോടെ നഴ്‌സുമാര്‍ക്ക് പോലിസിന്റെ ആദരം; ഒപ്പം പൂക്കളും

Update: 2020-05-15 13:05 GMT

ചാവക്കാട്: നിറയെ പൂക്കളുമായൊരു പോലിസ് വാഹനം ചാവക്കാട് പോലിസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് അത് കൗതുക കാഴ്ചയായി. വിവരം തിരക്കിയവര്‍ക്ക് അറിയാനായത് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും മഹത്തായ പാഠവും.

നാടിനെ മഹാമാരിയില്‍ നിന്ന് രക്ഷിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുന്ന പോലിസിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആതുരസേവന മേഖലയിലെ നഴ്‌സുമാര്‍ക്ക് നഴ്‌സസ് ദിനത്തില്‍ സല്യൂട്ട് നല്‍കി ആദരിക്കാനായിരുന്നു പോലിസിന്റെ ആ യാത്ര. ചാവക്കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ നാല് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും പൂക്കളും മധുരവും നല്‍കി ചാവക്കാട് പോലിസ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സേനാംഗങ്ങള്‍ നല്‍കുന്ന സല്യൂട്ടിന്റെ മഹത്വം ഏറ്റുവാങ്ങാനുളള നിയോഗവും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതോടൊപ്പം ലഭിച്ചു.

നഴ്‌സുമാരുടെ സേവനവും ത്യാഗവും പൊതുസമൂഹത്തിന് മനസ്സിലാക്കികൊടുക്കാനും തികഞ്ഞ അര്‍പ്പണബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും തങ്ങളുടെ ജീവനും ആരോഗ്യവും നോക്കാതെ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന ഇവര്‍ക്ക് നന്ദിയര്‍പ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് ചാവക്കാട് പോലിസ് സ്‌റ്റേഷന്‍ എസ്.ഐ യു.കെ.ഷാജഹാന്‍ പറഞ്ഞു.

കൊവിഡിനെ തുരത്താനുളള കൂട്ടായ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ രണ്ടു വിഭാഗങ്ങള്‍ തമ്മിലുളള പരസ്പര ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതിനും മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ പ്രതികൂല സാഹചര്യത്തില്‍ 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരോടുളള നന്ദിയും കടപ്പാടും അറിയിക്കുന്നതിനും കൂടിയുളളതായിരുന്നു ചടങ്ങ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കാന്‍ പോലീസുദ്യോഗസ്ഥര്‍ വഹിക്കുന്ന പങ്കിന് നഴ്‌സുമാരും നന്ദിയറിയിച്ചു.

ചാവക്കാട് പോലിസ് സ്‌റ്റേഷനിലെ എസ്.ഐ മാരായ ആനന്ദ്. കെ പി, കശ്യപന്‍ ടി എം, സിവില്‍ പോലിസ് ഓഫീസര്‍മാരായ ശരത്. എസ്, ആശിഷ് എന്നിവരും ചടങ്ങില്‍പങ്കെടുത്തു. 

Tags:    

Similar News