ഹിന്ദി ഭാഷയെ സംബന്ധിച്ച വിവാദം അനാവശ്യമെന്ന് ഒ രാജഗോപാൽ
ഹിന്ദി ദിനത്തിലെ അമിത്ഷായുടെ പരാമർശം വിവാദമാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: ഹിന്ദി ഭാഷയെ സംബന്ധിച്ച വിവാദം അനാവശ്യമെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ എം.എൽ.എ. അമിത്ഷായുടെ ഹിന്ദി വാദത്തിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജഗോപാൽ രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദി ദിനത്തിലെ അമിത്ഷായുടെ പരാമർശം വിവാദമാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു രാജ്യം, ഒരു ഭാഷ വാദം മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഭാഷയുടെ പേരിൽ സംഘപരിവാർ പുതിയ സംഘർഷ വേദി തുറക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.