കെഎസ്ആര്‍ടിസിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാനുള്ള ഉത്തരവിനെതിരേ എണ്ണക്കമ്പനികള്‍
കൊച്ചി: കെഎസ്ആര്‍ടിസിക്ക് വിപണി വിലയില്‍ ഡീസല്‍ നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിനെതിരേ എണ്ണക്കമ്പനികളുടെ അപ്പീല്‍. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിപിസിഎല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഡീസലിനു വിപണിവിലയേക്കാള്‍ ഉയര്‍ന്ന നിരക്ക് കെഎസ്ആര്‍ടിസിയില്‍നിന്ന് ഈടാക്കുന്നത് വിവേചനപരമാണ് എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഇതോടെ റീട്ടെയ്ല്‍ വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഇന്ധനം ലഭിക്കുമായിരുന്നു.
ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് കെഎസ്ആര്‍ടിസിക്ക് കമ്പനികള്‍ കൂടിയ വില ഈടാക്കിയിരുന്നത്. കെഎസ്ആര്‍ടിസിയുടെ ഹരജിയിലായിരുന്നു നടപടി. ലാഭകരമല്ലാത്ത റൂട്ടില്‍പോലും പൊതുജനങ്ങള്‍ക്കു യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യവാഹനങ്ങള്‍ക്കു നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാവില്ലെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.