കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടി; ഡീസല്‍ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികള്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടുപോവുന്ന കെഎസ്ആര്‍ടിസിക്ക് വീണ്ടും വന്‍ തിരിച്ചടി. എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ചു. 21 രൂപ 10 പൈസയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 121.35 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് ഇനി കെഎസ്ആര്‍ടിസി നല്‍കേണ്ടത്. ബള്‍ക്ക് പര്‍ചേസര്‍ വിഭാഗത്തില്‍പ്പെടുത്തിയാണ് കെഎസ്ആര്‍ടിസിയില്‍ നിന്ന് എണ്ണക്കമ്പനികള്‍ അധിക വില ഈടാക്കുന്നത്.
ഒരുമാസം മുമ്പ് എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസലിന് ഏഴുരൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിനെതിരേ കെഎസ്ആര്‍ടിസി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത് നിലനില്‍ക്കെയാണ് വില വീണ്ടും കുത്തനെ കൂട്ടിയത്.
50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഒരു ദിവസം ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയാണ് ഐഒസി ബള്‍ക് പര്‍ചേസര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് രാജ്യത്തെമ്പാടുമുള്ള റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനുകളെയും പ്രതികൂലമായി ബാധിക്കും. കേരളത്തില്‍ 50,000 ല്‍ കൂടുതല്‍ ഡീസല്‍ ഒരുദിവസം ഉപയോഗിക്കുന്നത് കെഎസ്ആര്‍ടിസി മാത്രമാണ്.
വിലവര്‍ധനക്കെതിരേ നാളെത്തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് ഇന്ധനവില വര്‍ധനയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. നാലുലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസിക്ക് ഒരുദിവസം വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ വില വര്‍ധനവോടെ ഒരുമാസം 21 കോടിയുടെ നഷ്ടമാണുണ്ടാവുക. ഇത് കെഎസ്ആര്‍ടിസിക്ക് താങ്ങാന്‍ കഴിയില്ല. പൊതുഗതാഗതത്തെ തകര്‍ക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും ആന്റണി രാജു പറഞ്ഞു.