ഓമിക്രോണ്‍ : നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തിര നടപടികള്‍
റിസ്‌ക് രാജ്യങ്ങളില്‍ നിന്നും നേരിട്ട് എത്തുന്നവരെയും ഇവിടങ്ങളില്‍ നിന്ന് മറ്റു വിമാനത്താവളങ്ങള്‍ വഴിയെത്തുന്നവരെയും നെടുമ്പാശേരി വിമാനത്താവളത്തില്‍ ആര്‍ടിപി സി ആര്‍ പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങി. ഇതിനു പുറമേ മറ്റു രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാരിലെ അഞ്ച് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധനയും ഏര്‍പ്പെടുത്തുന്നു
കൊച്ചി: കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ പരിശോധന നടപടികള്‍ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടക്കമായി. ഇതുസംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റിഡ് (സിയാല്‍) മാനേജിങ് ഡയറക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ഇന്ന് വിവിധ ഏജന്‍സികളുടെയും വകുപ്പുകളുടെയും യോഗം ചേര്‍ന്നു.
കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം റിസ്‌ക്ക് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇവയില്‍ യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് നെടുമ്പാശേരിയിലേക്ക് നേരിട്ട് സര്‍വീസ് ഉള്ളത്. റിസ്‌ക് രാജ്യങ്ങളില്‍ നിന്നും നേരിട്ട് എത്തുന്നവരെയും ഇവിടങ്ങളില്‍ നിന്ന് മറ്റു വിമാനത്താവളങ്ങള്‍ വഴിയെത്തുന്നവരെയും നെടുമ്പാശേരി വിമാനത്താവളത്തില്‍ ആര്‍ടിപി സി ആര്‍ പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങി.
ഇതിനു പുറമേ മറ്റു രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാരിലെ അഞ്ച് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധനയും ഏര്‍പ്പെടുത്തുന്നു. ഒരേസമയം 350 പേരെ പരിശോധിക്കാനുള്ള സൗകര്യം സിയാല്‍ ഒരുക്കിയിട്ടുണ്ട്. എത്രയും വേഗം റിസള്‍ട്ട് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഏകോപന യോഗത്തില്‍ തീരുമാനമായി.പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ ഹോം ക്വാറന്റൈന്‍ നടത്തണം. പോസിറ്റീവ് ആയവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകള്‍ ജിനോം ടെസ്റ്റിനു വേണ്ടി അയക്കും. കൊവിഡിന്റെ ഏത് വകഭേദമാണ് ബാധിച്ചിട്ടുള്ളത് എന്നറിയാനാണ് ഈ പരിശോധന നടത്തുന്നത്.
ഇത് കണ്ടെത്തിക്കഴിഞ്ഞാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. പോസിറ്റീവായാല്‍ ക്വാറന്റൈന്‍ തുടരണം. നെഗറ്റീവ് ആയാലും സ്വയം നിരീക്ഷണവും ചെയ്യണം.എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സികെ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സി ദിനേശ് കുമാര്‍, ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ വി ജയശ്രീ,ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഡോ.സജിത് ജോണ്‍, മോഡല്‍ ഓഫീസര്‍ ഡോക്ടര്‍ ഹനീഷ് ഹംസ,വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ യോഗത്തില്‍ പങ്കെടുത്തു.