പ്രതീക്ഷയോടെ കര്‍ഷകര്‍; ഓണത്തിന് എറണാകുളം ജില്ല ലക്ഷ്യമിടുന്നത് 15,000 ടണ്‍ പച്ചക്കറി ഉല്‍പാദനം

വിവിധ ബ്ലോക്കുകളിലായി ആയിരം ഹെക്ടറുകളിലായാണ് പച്ചക്കറി ഉത്പാദിപ്പിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്ത കൃഷി ചെയ്യുന്നവരും വീടുകളിലും ടെറസുകളിലും കൃഷി ചെയ്യുന്നവരുടെയും കണക്കുകള്‍ ഉള്‍പ്പടെയാണിത്. ജില്ലയില്‍ 20 ലക്ഷം പച്ചക്കറി തൈകളും നാല് ലക്ഷം വിത്ത് പാക്കറ്റുകളുമാണ് കൃഷിഭവന്‍ മുഖേന വിതരണം ചെയ്യുന്നത്

Update: 2021-07-27 06:35 GMT

കൊച്ചി: കുമ്പളം, വെളളരിക്ക, മത്തന്‍, പടവലം, പയര്‍ എന്നിവയെല്ലാം പുതുനാമ്പുകളിട്ട് പടര്‍ന്നു കയറുമ്പോള്‍ തിരുവാണിയൂര്‍ പഞ്ചായത്തിലെ മറ്റക്കുഴിയില്‍ കൃഷി ചെയ്യുന്ന മോഹന്‍ മത്തായിക്കും അബ്രഹാമിനും ബേബിക്കും പ്രതീക്ഷയേറുകയാണ്. മാനം കറുക്കുമ്പോള്‍ ഇവരുടെ മനവും കറക്കുമെങ്കിലും മഴ ഇത്തവണ തങ്ങളെ ചതിക്കില്ലെന്നാണ് ഇവര്‍ കരുതുന്നത്. അങ്ങനെ വന്നാല്‍ ഓണത്തിന് മികച്ച വിളവെടുക്കാന്‍ ഇവര്‍ക്കാകും. മോനിപ്പള്ളിയിലെ ഐസക്കും ഓണം വിപണി ലക്ഷ്യമിട്ടാണ് കൃഷിയിറക്കിയിരിക്കുന്നത്. എന്നാല്‍ കോവിഡ് മൂന്നാം തരംഗവും ഓണവും ഒന്നിച്ചെത്തിയാല്‍ ദുരിതം ഇരട്ടിയാകുമെന്ന ആശങ്കയും ഇദ്ദേഹത്തിനുണ്ട്.


അയ്യമ്പുഴപഞ്ചായത്തിലെ വില്‍സണും ബാബുവും വിഷമില്ലാത്ത മത്തനും കുമ്പളവും ഈ ഓണത്തിന് ഗ്യാരന്റിയാണെന്ന് പറയുന്നു. 60 സെന്റില്‍ പടവലം, പാവല്‍ അടക്കമുള്ള കൃഷിയിറക്കി വിളവെടുപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അയ്യമ്പുഴയിലെ ബേബിയും. പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കൃഷിഭവനുകള്‍ മുഖേന വിത്തുകളും തൈകളും വിതരണം ചെയ്യുമ്പോള്‍ വീടുകളിലും ടെറസുകളിലും കൃഷി ചെയ്യുന്ന അമ്മമാരും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളുമെല്ലാം ആവേശത്തോടെ അത് ഏറ്റെടുക്കുകയാണ്. ഓരോ ബ്ലോക്കുകളിലും കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച വിതരണം ചെയ്യുന്ന വിത്തുകളും തൈകളും വാങ്ങനെത്തുന്നവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഈ യാഥാര്‍ഥ്യമാണ്.

വിഷമില്ലാത്ത പച്ചക്കറികള്‍ ഓരോ വീട്ടുവളപ്പിലും നട്ടു വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കൃഷി വകുപ്പില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് വരാപ്പുഴയിലെ സിനി സന്തോഷ് പറയുന്നു. വെണ്ട, തക്കാളി, വഴുതനങ്ങ, പീച്ചിങ്ങ, പടവലങ്ങ, മുളക് തുടങ്ങിയ എല്ലാ ഇനങ്ങളും സിനി ടെറസില്‍ ഗ്രോ ബാഗില്‍ കൃഷി ചെയ്യുന്നു. സ്വന്തം ആവശ്യത്തിനു മാത്രമല്ല അയല്‍പക്കക്കാരും ബന്ധുക്കളും ജൈവ പച്ചക്കറികള്‍ തേടി വരുന്നുണ്ടെന്ന് സിനി പറയുന്നു.മുവാറ്റുപുഴ ആയവന പഞ്ചായത്തിലെ ആന്‍സി ബെന്നി പത്ത് സെന്റിലാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള കൃഷി ചെയ്യുന്നത്. പയര്‍, തക്കാളി, വെണ്ട തുടങ്ങിയ പച്ചക്കറികള്‍ ഗ്രോ ബാഗില്‍ വളര്‍ത്തുന്നു.


കൊച്ചി കോര്‍പ്പറേഷനില്‍ വൈറ്റില അമ്പേലിപ്പാടം റോഡില്‍ സ്വന്തം വീട്ടുമുറ്റത്ത് ഹരിതവിസ്മയം തീര്‍ക്കുകയാണ് വിമല കുര്യന്‍. നാലു വര്‍ഷത്തോളമായി വീട്ടില്‍ കൃഷി ചെയ്യുന്ന വിമല തക്കാളി, ചേന, ചേമ്പ്, പച്ചമുളക് തുടങ്ങിയ എല്ലാ പച്ചക്കറി ഇനങ്ങളും കൃഷി ചെയ്‌തെടുക്കുന്നു. തമ്മനം കാരണക്കോടത്തെ ശ്രീദേവി രമേശും ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഭാഗമായി വീട്ടില്‍ വിഷമില്ലാത്ത പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ ലക്ഷ്യമിടുന്നത് 15000 ടണ്‍ പച്ചക്കറി ഉത്പാദനമാണ്. വിവിധ ബ്ലോക്കുകളിലായി ആയിരം ഹെക്ടറുകളിലായാണ് പച്ചക്കറി ഉത്പാദിപ്പിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്ത കൃഷി ചെയ്യുന്നവരും വീടുകളിലും ടെറസുകളിലും കൃഷി ചെയ്യുന്നവരുടെയും കണക്കുകള്‍ ഉള്‍പ്പടെയാണിത്.

ജില്ലയില്‍ 20 ലക്ഷം പച്ചക്കറി തൈകളും നാല് ലക്ഷം വിത്ത് പാക്കറ്റുകളുമാണ് കൃഷിഭവന്‍ മുഖേന വിതരണം ചെയ്യുന്നത്. ഇതില്‍ 13 ലക്ഷം തൈകളും മൂന്ന് ലക്ഷം വിത്തുകളും വിതരണം ചെയ്തു കഴിഞ്ഞു. ഓണത്തിന് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചന്തകളില്‍ വില്‍ക്കുന്നതിനായുള്ള പച്ചക്കറി ഉത്പാദനത്തിന് ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി എട്ട് ക്ലസ്റ്ററുകളും രൂപീകരിച്ചും കൃഷി പുരോഗമിക്കുകയാണ്. ഈ വര്‍ഷം ആകെ 50,000 ടണ്‍ പച്ചക്കറി ഉത്പാദനമാണ് ജില്ലയില്‍ നിന്ന് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി അനിത കുമാരി പറഞ്ഞു.


വടവുകോട് ബ്ലോക്കിനു കീഴില്‍ കീഴില്‍ 20,000 പച്ചക്കറി വിത്ത് പാക്കറ്റുകളും 12000 തൈകളും വിതരണം ചെയ്തിട്ടുണ്ട്. പത്ത് ഹെക്ടറോളം സ്ഥലത്താണ് ഓണം ലക്ഷ്യമിട്ട് കൃഷി നടക്കുന്നത്. ചീര, വെണ്ട, തക്കാളി, പയര്‍, മുളക്, പാവല്‍, പടവലം തുടങ്ങിയവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. അഞ്ച് ക്ലസ്റ്ററുകളായാണ് ബ്ലോക്കിനു കീഴില്‍ പച്ചക്കറി കൃഷി പുരോഗമിക്കുന്നത്. തിരുവാണിയൂര്‍, പൂതൃക്ക, മറ്റക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കര്‍ഷകര്‍ സജീവമായി കൃഷി ആരംഭിച്ചിട്ടുണ്ട്. മഴ ചെറിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഓണത്തിന് മികച്ച വിളവെടുക്കാന്‍ കഴിയുമെന്നാണ് ഓരോ കര്‍ഷകരും വീട്ടു മുറ്റത്ത് കൃഷി ചെയ്യുന്നവരുടെയും പ്രതീക്ഷ. ഈ കൊവിഡ് കാല ദുരിതത്തെ അതിജീവിച്ച് കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ് പകരാന്‍ കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പൂതൃക്ക അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ആണ് ബ്ലോക്കിലെ കൃഷി വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.കോതമംഗലം ബ്ലോക്കില്‍ 230 ഓളം ഹെക്ടറിലാണ് പച്ചക്കറി കൃഷി പുരോഗമിക്കുന്നത്. ഇവിടുത്തെ അഗ്രോ സര്‍വീസ് സെന്ററില്‍ ഉത്പാദിപ്പിക്കുന്ന തൈകളും കര്‍ഷകര്‍ക്ക വിതരണം ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള 165000 ത്തോളം തൈകളും 48,000 വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു കഴിഞ്ഞു. ചീര, വെണ്ട, മുളക് തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. മറ്റിനങ്ങളും കൃഷി ചെയ്യുന്നുണ്ട്.കൂവപ്പടി ബ്ലോക്കും പെരുമ്പാവൂര്‍ നഗരസഭയും ഉള്‍പ്പെടുന്ന പെരുമ്പാവൂര്‍ ബ്ലോക്കില്‍ 2500 കുടുംബങ്ങള്‍ക്കാണ് തൈകള്‍ വിതരണം ചെയ്തിരിക്കുന്നത്. 25000 ത്തോളം കുടുംബങ്ങള്‍ക്ക് വിത്ത പാക്കറ്റുകളും നല്‍കി. വിവിധ പ്രദേശങ്ങളിലെ 25 ഹെക്ടറുകളിലായി പുരോഗമിക്കുന്ന പച്ചക്കറി കൃഷിയില്‍ നിന്ന് 200 ടണ്‍ പച്ചക്കറി വിളവെടുക്കാമെന്നാണ് കൃഷി വകുപ്പിന്റെ പ്രതീക്ഷ.

40 ഹെക്ടറുകളിലേക്കുള്ള പച്ചക്കറി വിത്തുകളും തൈകളുമാണ് അങ്കമാലി ബ്ലോക്കില്‍ വിതരണം ചെയ്തിട്ടുള്ളത്. 25,500 വിത്ത് പാക്കറ്റുകളും 1,25000 തൈകളും വിതരണം ചെയ്തിട്ടുണ്ട്. ഓരോ കുടുംബങ്ങളിലെ കൃഷി ഉത്പാദനവും വിപണി ലക്ഷ്യമിട്ടുളള കൃഷിയും അടക്കം ഏകദേശം മൂവായിരം ടണ്‍ പച്ചക്കറി ഉത്പാദനമാണ് ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മികച്ച വിളവാണ് അങ്കമാലിക്കാരുടെ പ്രതീക്ഷ.1,10000 പച്ചക്കറി തൈകളും 18,000 വിത്ത് പാക്കറ്റുകളുമാണ് വൈപ്പിന്‍ ബ്ലോക്കിന് ലഭിച്ചത്. ബ്ലോക്കിന് കീഴിലുള്ള അഞ്ച കൃഷി ഭവനുകള്‍ മുഖേന തൈകള്‍ പൂര്‍ണ്ണമായും വിതരണം ചെയ്തു കഴിഞ്ഞു.

വിത്തുകളും വിതരണം ചെയ്തിട്ടുണ്ട്. കൃഷിക്കായി 20,000 കുടുംബങ്ങളിലേക്ക്് വിത്തുകളായോ തൈകളായോ നല്‍കിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലെയും നാലായിരം കുടുംബങ്ങളിലെങ്കിലും കൃഷിക്കാവശ്യമായ പച്ചക്കറി തൈകള്‍ നല്‍കിയിട്ടുണ്ട്. 40 ഹെക്ടറോളം സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യാന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ട്. മഴയും മറ്റ് അനുകൂല സാഹചര്യവുമാണെങ്കില്‍ മികച്ച വിളവു തന്നെയാണ് പ്രതീക്ഷിക്കുന്നത്.പറവൂര്‍ ബ്ലോക്കില്‍ അഞ്ച് ടണ്‍ പച്ചക്കറി ഉത്പാദനമാണ് ഇത്തവണ ഓണത്തിന് പ്രതീക്ഷിക്കുന്നത്.

മഴയും വെള്ളപ്പൊക്കവും കൃഷിക്ക തടസം സൃഷ്ടിക്കുന്നുണ്ട്. 10,000 വിത്ത് പാക്കറ്റുകളും 65,000 തൈകളും കൃഷി ഭവന്‍ മുഖേന കര്‍ഷകര്‍ക്കും വീട്ടുകൃഷിക്കുമായി നല്‍കിക്കഴിഞ്ഞു. ആകെ 15 ഹെക്ടര്‍ സ്ഥലത്താണ് ഇത്തവണ പച്ചക്കറി കൃഷി ഇറക്കിയിരിക്കുന്നത്. ആലങ്ങാട് ബ്ലോക്കും ആലുവ, ഏലൂര്‍ നഗരസഭകളും ഉള്‍പ്പെടുന്ന ആലുവയില്‍ 20,000 വിത്തുകളും 90000 തൈകളും വിതരണം പൂര്‍ത്തിയാക്കി. പത്ത് ഹെക്ടറുകളിലായി അഞ്ച് ടണ്‍ പച്ചക്കറി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.

പാറക്കടവ് ബ്ലോക്കിനു കീഴിലുള്ള നെടുമ്പാശേരിയില്‍ 18,000 വിത്ത പാക്കറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. 60,000 തൈകളും നല്‍കി. ഇത്തവണ 300 ടണ്‍ പച്ചക്കറി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.ഇടപ്പള്ളി ബ്ലോക്കില്‍ 15000 വിത്ത പാക്കറ്റുകളും 80,000 തൈകളും വിതരണം ചെയ്തു കഴിഞ്ഞു. നാല് ഹെക്ടറുകളിലായാണ് കൃഷി പുരോഗമിക്കുന്നത്. കളമശേരി, തൃക്കാക്കര നഗരസഭകളും ഇതിലുള്‍പ്പെടുന്നുണ്ട്. മൂന്ന് ടണ്‍ പച്ചക്കറി ഉത്പാദനമാണ് ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നത്. വാഴക്കുളം ബ്ലോക്കിനു കീഴില്‍ 18000 വിത്ത് പാക്കറ്റുകളും 90,000 തൈകളും വിതരണം ചെയ്തു കഴിഞ്ഞു. മികച്ച വിളവുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇവിടെയും.പള്ളുരുത്തി ബ്ലോക്ക് ഉള്‍പ്പെടുന്ന വൈറ്റില എഡിഎ ഓഫീസിനു കീഴില്‍ 40,000 വിത്ത് പാക്കറ്റുകളും 117000 തൈകളും വിതരണം ചെയ്തിട്ടുണ്ട്

കൊച്ചി കോര്‍പ്പറേഷന്‍, തൃപ്പൂണിത്തുറ, തിരുവാങ്കുളം, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം എന്നീ കൃഷിഭവനുകളാണ് വൈറ്റില എഡിഎയ്ക്ക് കീഴിലുള്ളത്. പ്രധാനമായും കൊച്ചി കോര്‍പ്പറേഷനിലെ ഫല്‍റ്റുകളിലും മറ്റും നിരവധി പേര്‍ ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഭാഗമായിട്ടുണ്ട്. വീടിന്റെ ടെറസില്‍ കൃഷി നടത്തുന്ന നിരവധി പേരുമുണ്ട്.മുവാറ്റുപുഴ ബ്ലോക്കില്‍ 43000 വിത്ത് പാക്കറ്റുകളും 1.5 ലക്ഷം തൈകളും വിതരണം ചെയ്തു കഴിഞ്ഞു. 350 ഹെക്ടര്‍ സ്ഥലത്താണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷി പുരോഗമിക്കുന്നത്. ഒരു ഹെക്ടറിന് എട്ട് ടണ്‍ എന്ന കണക്കില്‍ 2800 ടണ്‍ വിളവാണ് ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നത്.

പാമ്പാക്കുട ബ്ലോക്ക് ഉള്‍പ്പെടുന്ന പിറവത്ത് 35000 വിത്ത് പാക്കറ്റുകളും 150000 തൈകളും വിതരണം ചെയ്തിട്ടുണ്ട്. ഇതുവഴി 20 ഹെക്ടര്‍ സ്ഥലത്ത് കൂടി അധികമായി കൃഷിക്കായി ഉപയോഗപ്പെടുത്താനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. 50 ടണ്‍ അധിക പച്ചക്കറി ഉത്പാദനവും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വഴി ലക്ഷ്യമിടുന്നു.മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് പഞ്ചായത്തുകളിലും ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയും മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്.

പദ്ധതിക്ക് കീഴില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ഒരേക്കര്‍ പച്ചക്കറികൃഷി ഒരുക്കിയിട്ടുണ്ട്. 16500 പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍, 90000 പച്ചക്കറി തൈകള്‍ എന്നിവ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. ഓണത്തിനൊരുമുറം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 60 ടണ്‍ പച്ചക്കറി ഉത്പാദനമാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. വിഎഫ്പിസികെ, സര്‍ക്കാര്‍ ഫാമുകള്‍, കാര്‍ഷിക കര്‍മ്മസേനകള്‍, അഗ്രോ സര്‍വീസ് സെന്റെറുകള്‍ എന്നിവ മുഖാന്തരവും വിത്തുകളും പച്ചക്കറി തൈകളും ലഭ്യമാക്കുന്നുണ്ട്. ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണ പദ്ധതിയും ഈ കാലയളവില്‍ നടത്തും. ആദ്യവര്‍ഷം തന്നെ ജില്ലയില്‍ മികച്ച രീതിയില്‍ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതിക്ക് കീഴില്‍ കൂടുതല്‍ കൃഷിയിടങ്ങളും ഒരുക്കുന്നുണ്ട്.

ജൈവ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിശീലനവും നല്‍കി വരുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വി അനിത കുമാരി പറഞ്ഞു. കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായം, വിത്തുകള്‍, ജലസേചനത്തിനുള്ള പമ്പ് സെറ്റുകള്‍ തുടങ്ങിയ സഹായവും നല്‍കിവരുന്നുണ്ട്. 100 ചതുരശ്ര മീറ്റര്‍ മഴമറ നിര്‍മ്മിക്കാന്‍ 50000 രൂപ ധനസഹായം നല്‍കുന്നുണ്ട്.

സ്ഥലം തീരെയില്ലാത്തവര്‍ക്ക് ടെറസില്‍ കൃഷി ചെയ്യുന്നതിന് തുള്ളിനന, തിരിനന ജലസേചന രീതികള്‍ നല്‍കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ കൃഷി ഭവനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശാസ്ത്രീയ രീതിയില്‍ വളം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളും ലഭിക്കും. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷി 100ശതമാനം സബ്‌സിഡിയും ലഭിക്കുന്നു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍ വീട്ടിലെ ആവശ്യത്തിനുള്ളതിലധികം ഉണ്ടെങ്കില്‍ വില്‍പ്പനയ്ക്കും കൃഷി വകുപ്പിന്റെ കൈത്താങ്ങ് ലഭ്യമാകും. ആഴ്ച ചന്തകളും ഇക്കോ ഷോപ്പുകളും ഇതിനായി പ്രയോജനപ്പെടുത്താം. ഇത്തരം 40 മാര്‍ക്കറ്റുകളാണ് ജില്ലയിലുള്ളത്. അധികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഇങ്ങനെ വില്‍ക്കാം. ജൈവ പച്ചക്കറികളായതിനാല്‍ പ്രീമിയം വിലയും ലഭിക്കുമെന്നും അനിത കുമാരി പറഞ്ഞു.

Tags:    

Similar News