മുഖ്യമന്ത്രി തൻ്റെ സർക്കാരിൻ്റെ പരാജയം മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കുന്നു: ചെന്നിത്തല
സ്വന്തം ഇരട്ട മുഖം മറയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കൂടാരമായെന്നും ചെന്നിത്തല വ്യക്തമാക്കി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സർക്കാരിന്റെ പരാജയം മറ്റൊരാളുടെ ചുമലിൽ കെട്ടിവയ്ക്കുകയാണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം ഏതു വിധേനയും വലിയ തോതിലാകണമെന്ന് ആഗ്രഹിക്കുന്നവരെന്ന് പ്രതിപക്ഷത്തെ വിമർശിച്ച മുഖ്യമന്ത്രിക്ക് വാർത്താ സമ്മേളനത്തിലാണ് ചെന്നിത്തല മറുപടി നൽകിയത്.
പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം സഹകരിക്കുന്നുണ്ട്. അധികൃതരുടെ അലംഭാവം കൊണ്ടാണ് കൊവിഡ് പകരുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ രാവിലെ പറഞ്ഞതിന് ഘടകവിരുദ്ധമായി വൈകുന്നേരം മുഖ്യമന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. രാവിലെ ഉദ്യോഗസ്ഥരെയും വൈകുന്നേരം പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്.
പ്രതിപക്ഷം സമരം ചെയ്തതുകൊണ്ടാണ് രോഗവ്യാപനമുണ്ടായതെന്ന ധ്വനിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. പ്രതിപക്ഷത്തിന് ഇരട്ട മുഖമാണെന്നു പറഞ്ഞു. എന്നാൽ ഒരു കഴിവുമില്ലാത്ത ഒരാൾ പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റൊരാളുടെ ചുമലിൽ കെട്ടിവയ്ക്കുന്നതാണ് ഇന്നലെ കണ്ടത്. കേരളത്തിന്റെ ആരോഗ്യ രംഗത്തുണ്ടായ പുരോഗതിയുടെ നേട്ടം എല്ലാ സർക്കാരുകൾക്കും അവകാശപ്പെട്ടതാണ്. പ്രതിപക്ഷ നേതാവിന് ഇരട്ടമുഖമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ സ്വന്തം ഇരട്ട മുഖം മറയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കൂടാരമായെന്നും ചെന്നിത്തല വ്യക്തമാക്കി.