പ്രതിപക്ഷ സഖ്യ റാലി ആത്മവിശ്വാസം ചോര്‍ത്തി; പ്രധാനമന്ത്രിയുടെ മെഗാ റാലി റദ്ദാക്കി ബിജെപി
ആത്മവിശ്വസം ചോര്‍ന്നതാണ് മെഗാറാലി റദ്ദാക്കാന്‍ കാരണമായതെന്നാണു വിലയിരുത്തല്‍
കൊല്‍ക്കത്ത: നരേന്ദ്രമോഡിയടക്കമുള്ളവരെ പങ്കെടുപ്പിച്ച് കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് ബിജെപി സംഘടിപ്പിക്കാനിരുന്ന മെഗാ റാലി ബിജെപി റദ്ദാക്കി. അടുത്ത മാസം എട്ടിന് നടത്താനിരുന്ന റാലിയാണ് പാര്‍ട്ടി റദ്ദാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്ത്വത്തില്‍ 10 ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത മഹാസഖ്യറാലി കൊല്‍ക്കത്തയില്‍ നടന്നിരുന്നു. ഇതോടെ ആത്മവിശ്വസം ചോര്‍ന്നതാണ് മെഗാറാലി റദ്ദാക്കാന്‍ കാരണമായതെന്നാണു വിലയിരുത്തല്‍. അതേസമയം റാലി റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കാന്‍ ബിജെപി നേതാക്കള്‍ വിസമ്മതിച്ചു. സംസ്ഥാനത്തു വിവിധ സ്ഥലങ്ങളില്‍ റാലികള്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ മെഗാറാലി വേണ്ടെന്നുവെക്കുകയുമായിരുന്നുവെന്നു ഒരു ബിജെപി നേതാവ് വിശദീകരിച്ചു. ഫെബ്രുവരി എട്ടിന് അസന്‍സോളില്‍ നടക്കുന്ന റാലിയില്‍ മോദി പങ്കെടുക്കുമെന്നും നേതാവ് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷത്തിനു കാരണമാവുമെന്നു ചൂണ്ടിക്കാട്ടി ബിജെപിയുടെ രഥയാത്രക്കു മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ ബിജെപി ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചെങ്കിലും സര്‍ക്കാര്‍ വാദം ശരിവച്ച കോടതിയും രഥയാത്രക്കു അനുമതി നിഷേധിക്കുകയായിരുന്നു.