കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കല്‍ വൈകുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ അത് അറിയിക്കണം. കോടതി ഉത്തരവ് പാലിക്കാത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഈ മാസം 25ന് ജില്ലാ കലക്ടര്‍ നേരിട്ട് കോതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മുന്‍പ് കലക്ടറോട് നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ട് ഒഴിവാക്കിയിരുന്നു. പള്ളി ഏറ്റെടുക്കാനുള്ള തീരുമാനം എങ്ങനെയാണു നടപ്പാക്കാന്‍ പോകുന്നതെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു
കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ വൈകുന്നതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ അത് അറിയിക്കണം. കോടതി ഉത്തരവ് പാലിക്കാത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഈ മാസം 25ന് ജില്ലാ കലക്ടര്‍ നേരിട്ട് കോതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മുന്‍പ് കലക്ടറോട് നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ട് ഒഴിവാക്കിയിരുന്നു. പള്ളി ഏറ്റെടുക്കാനുള്ള തീരുമാനം എങ്ങനെയാണു നടപ്പാക്കാന്‍ പോകുന്നതെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യു ഹരജി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു. യാക്കോബായ വിഭാഗം സമര്‍പ്പിച്ച പുനപരിശോധന ഹരജിയും ഇതോടൊപ്പം കോടതി തള്ളിയിരുന്നു. പള്ളിയുടെ നിയന്ത്രണം ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്ത്ഡോക്സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍, പള്ളിയും സ്വത്തും ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ ഇല്ലാത്തതിനാല്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ വാദം തള്ളി കോടതി ഉത്തരവിട്ടു. ഓര്‍ത്തഡോക്സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ സമര്‍പ്പിച്ച ഹരജിയില്‍ ആയിരുന്നു പള്ളിഭരണം എത്രയും വേഗം ഏറ്റെടുത്ത് കൈമാറണമെന്നും അല്ലെങ്കില്‍ കലക്ടര്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടത്. 2019 ഡിസംബര്‍ മൂന്നിനാണ് പള്ളിയുടെ മേല്‍നോട്ടം ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചത്.