ജോസഫിന് സീറ്റുനിഷേധം; കേരളാ കോണ്‍ഗ്രസ് (എം) ല്‍ പ്രതിഷേധരാജി തുടരുന്നു
കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന് പിന്നാലെ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി എം ജോര്‍ജും പദവി രാജിവച്ചു. നാല് ജനറല്‍ സെക്രട്ടറിമാരാണ് ജില്ലയില്‍ പാര്‍ട്ടിക്കുള്ളത്. ജോസഫ് ഗ്രൂപ്പില്‍നിന്ന് വരും മണിക്കൂറുകളില്‍ കൂടുതല്‍ രാജിയുണ്ടാവുമെന്നാണ് സൂചനകള്‍. തിങ്കളാഴ്ച രാത്രി വൈകിയാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കെ എം മാണി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) ല്‍ രാജി തുടരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന് പിന്നാലെ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി എം ജോര്‍ജും പദവി രാജിവച്ചു. നാല് ജനറല്‍ സെക്രട്ടറിമാരാണ് ജില്ലയില്‍ പാര്‍ട്ടിക്കുള്ളത്. ജോസഫ് ഗ്രൂപ്പില്‍നിന്ന് വരും മണിക്കൂറുകളില്‍ കൂടുതല്‍ രാജിയുണ്ടാവുമെന്നാണ് സൂചനകള്‍. തിങ്കളാഴ്ച രാത്രി വൈകിയാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കെ എം മാണി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഭാവിപരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജോസഫ് ഗ്രൂപ്പ് തൊടുപുഴയില്‍ രഹസ്യയോഗം ചേരുകയും അതൃപ്തി പരസ്യമായി അറിയിക്കുകയും ചെയ്തു.
എന്നാല്‍, തോമസ് ചാഴിക്കാടനെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോവില്ലെന്ന് കെ എം മാണി വ്യക്തമാക്കിയത് ജോസഫ് ഗ്രൂപ്പിനെ കൂടുതല്‍ പ്രകോപിതരാക്കിയിരിക്കുകയാണ്. കെ എം മാണിയും പി ജെ ജോസഫും തമ്മില്‍ ഫോണ്‍വഴി ആശയവിനിമയം നടത്തിയെങ്കിലും മഞ്ഞുരുകിയില്ല. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് രാജിയിലേക്ക് കാര്യങ്ങളെത്തിയത്. കോട്ടയം സീറ്റിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസിലെ പൊട്ടിത്തെറി വഴിപിരിയലിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ വിഷയത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായാണ് അനുനയശ്രമങ്ങളുമായി രംഗത്തെത്തിയത്. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് മുന്നണി നേതൃത്വം കാണുന്നതെന്നും കോട്ടയം സീറ്റില്‍ ഒരു പാളിച്ചയുണ്ടാവാന്‍ അനുവദിക്കില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം ഗൗരവമുള്ളതാണെന്നും എത്രയും വേഗത്തില്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ പി ജെ ജോസഫും കെ എം മാണിയും തയ്യാറാവണമെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. പ്രശ്‌നപരിഹാരം ആദ്യമുണ്ടാവേണ്ടത് കേരളാ കോണ്‍ഗ്രസിനകത്തുതന്നെയാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസിന്റേത് ആഭ്യന്തരപ്രശ്‌നമാണെന്നും പാര്‍ട്ടിയിലാണ് പ്രശ്‌നപരിഹാരമുണ്ടാവേണ്ടതെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പരിഹാരമുണ്ടായിട്ടില്ലെന്നും മുന്നണി കൂട്ടായി ആലോചിച്ച് എന്തുവേണമെന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.