പിഎച്ച്ഡി ഉള്ളതുകൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ല; തോമസ് ഐസക്കിനെ പരിഹസിച്ച് ശ്രീധരന്‍പിള്ള
ദേശീയപാതാ വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ളയാണെന്ന തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്: പിഎച്ച്ഡി കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. ദേശീയപാതാ വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ളയാണെന്ന തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രളയദുരിതത്തില്‍പ്പെട്ടവരുടെ സ്ഥലമേറ്റെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാണ് കേന്ദ്രത്തിനയച്ച കത്തിലുള്ളത്. ജനങ്ങളുടെ ആശങ്ക അറിയിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ മന്ത്രി ആരോപിച്ചതുപോലെ ദേശീയപാത വികസനം അട്ടിമറിച്ചിട്ടില്ല. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പലരും നിവേദനം നല്‍കാറുണ്ട്. വായിച്ചുനോക്കി അത് ബിജെപിയുടെ കവറിങ് ലെറ്റര്‍വച്ച് കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അയച്ചുനല്‍കാറുണ്ട്. അതാണ് ചെയ്തത്. സിപിഎമ്മിന്റെ ഒരു നേതാവും തന്നെ കാണാന്‍ വന്ന സംഘത്തിലുണ്ടായിരുന്നു. സിപിഎം മാനിയാക്കുകളെ പോലെയാണ് പെരുമാറുന്നത്.
മനുഷ്യന്‍ അധപ്പതിച്ചാല്‍ മൃഗമാവുമെന്ന് അഴീക്കോട് പറഞ്ഞത് ഇപ്പോഴത്തെ ചില സിപിഎം നേതാക്കളെ കണ്ടാവും. സാമൂഹികദ്രോഹിയായി തന്നെ ചിത്രീകരിച്ച സിപിഎം നടപടി അപകടകരമാണെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. ദേശീയപാതാ വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണെന്ന് കേന്ദ്രത്തിനയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക് ആരോപിച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ ഒന്നാം വികസനപട്ടികയില്‍നിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാന്‍ കാരണമെന്നും ഐസക് കുറ്റപ്പെടുത്തിയിരുന്നു.