കിഫ്ബി കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; 12ന് ചോദ്യംചെയ്യലിന് കൊച്ചിയില്‍ ഹാജരാവണം

Update: 2024-01-06 05:58 GMT

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ്. ഈ മാസം 12ന് കൊച്ചിയിലെ ഓഫിസില്‍ ചോദ്യംചെയ്യാന്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നേരത്തേ, വ്യക്തിവിവരങ്ങള്‍ തേടി ഇഡി സമന്‍സ് അയച്ചതിനെത്തുടര്‍ന്ന് തോമസ് ഐസക്കും കിഫ്ബിയിലെ ഉന്നത ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും സമന്‍സ് അയക്കുന്നത് സിംഗിള്‍ ബെഞ്ച് വിലക്കുകയും ഇഡി അയച്ചന്ന സമന്‍സ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് വീണ്ടും തോമസ് ഐസക്കിന് നോട്ടീസ് അയച്ചതെന്നാണ് വിവരം. കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ(ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഇഡിയാണ് എന്നായിരുന്നു വിഷയത്തില്‍ റിസര്‍വ് ബാങ്കിന്റെ നിലപാട്. എന്നാല്‍, ഈ ഉത്തരവില്‍ ഭേദഗതി വരുത്തി സമന്‍സ് അയക്കാന്‍ അനുമതി നല്‍കി നവംബര്‍ 24ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയിരുന്നു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമല്ലെന്നും വ്യാപക ക്രമക്കേടുകള്‍ നടന്നെന്നുമാണ് ഇഡി ആരോപണം. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യന്‍ രൂപയില്‍ വിദേശത്തുനിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് ചെയ്യേണ്ടത്. സിഎജിയും ക്രമക്കേട് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ഇഡി അന്വേഷണം നടത്തിയത്.

Tags:    

Similar News