പച്ചത്തുരുത്ത് പദ്ധതിക്ക് നാളെ തുടക്കമാവും
കേരളത്തിലെ 250 ഗ്രാമപഞ്ചായത്തുകളിലായി 500ഓളം ഏക്കറില്‍ നാളെത്തന്നെ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമിടും. പൊതുസ്ഥലങ്ങളിലുള്‍പ്പടെ തരിശു നിലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ച് സംരക്ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: തരിശുഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ നാളെ തുടക്കമാകും. വൈകീട്ട് നാലിന് പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ വേങ്ങോട് ജങ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെ 250 ഗ്രാമപഞ്ചായത്തുകളിലായി 500ഓളം ഏക്കറില്‍ നാളെത്തന്നെ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമിടും.
പൊതുസ്ഥലങ്ങളിലുള്‍പ്പടെ തരിശു നിലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ച് സംരക്ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. ജൈവവൈവിധ്യ ബോര്‍ഡ്, കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്.
കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വനം മന്ത്രി കെ രാജു മുഖ്യപ്രഭാഷണം നടത്തും. പച്ചത്തുരുത്ത് കൈപുസ്തകവും അദ്ദേഹം പ്രകാശനം ചെയ്യും.