പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് ; ഡല്‍ഹിയിലെത്തി; വ്യാഴാഴ്ച അംഗത്വമെടുക്കും

Update: 2024-03-06 18:49 GMT

തൃശൂര്‍: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായിരുന്ന കെ കരുണാകരന്റെ മകളും എം പി കെ മുരളീധരന്റെ സഹോദരിയുമായ പദ്മജാ വേണുഗോപാല്‍ ബിജെപിയില്‍ ചേരും. ഡല്‍ഹിയിലെത്തിയ പദ്മജ ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തും. തുടര്‍ച്ചയായി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പദ്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ പദ്മജ കയറുന്നതു ജില്ലാ നേതാക്കള്‍ തടഞ്ഞതോടെയാണു പ്രശ്‌നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ മണ്ഡലത്തില്‍ പദ്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നതു കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന. എന്നാല്‍ പദ്മജ ബിജെപിയില്‍ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവര്‍തന്നെ രംഗത്തുവന്നിരുന്നു.

ബിജെപിയിലേക്കു പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്നു കേട്ടെന്നും എവിടെനിന്നാണ് ഇതു വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പദ്മജ പറഞ്ഞത്. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണു പദ്മജ. 2004ല്‍ മുകുന്ദപുരം ലോക്‌സഭാമണ്ഡലത്തില്‍നിന്നു പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പന്‍ നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരില്‍നിന്ന് 2021ല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പദ്മജ പരാജയം രുചിച്ചു. വി എസ് സുനില്‍ കുമാറായിരുന്നു അന്ന് എതിര്‍സ്ഥാനാര്‍ഥി.

തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പദ്മജ വേണുഗോപാല്‍. ഇന്ത്യന്‍ നാഷനല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം, തഴപ്പായ എംപ്ലോയീസ് യൂണിയന്‍, ടെക്‌നിക്കല്‍ എജ്യുക്കേഷനല്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്.


Tags:    

Similar News