പാലക്കാടും വയനാടും പോലിസിന്റെ മൂന്നാംമുറ; നാളെ പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ ജനകീയ പ്രതിഷേധ ധര്‍ണ
രാഷ്ട്രീയ- ജനാധിപത്യ- മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി. പിയുസിഎല്‍ നേതാവ് അഡ്വ. പി എ പൗരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.
പാലക്കാട്: വയനാടും പാലക്കാടും പോലിസ് നടത്തിയ ക്രൂരമായ മൂന്നാംമുറയ്‌ക്കെതിരേയും മനുഷ്യാവകാശ- വിവരാവകാശ പ്രവര്‍ത്തകന്‍ കാജാഹുസൈനെയും മറ്റു ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ടും നാളെ പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ ജനകീയ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. രാഷ്ട്രീയ- ജനാധിപത്യ- മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി. പിയുസിഎല്‍ നേതാവ് അഡ്വ. പി എ പൗരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. അഡ്വ. ജോണ്‍ ജോണ്‍ (ജനതാദള്‍), വിളയോടി ശിവന്‍കുട്ടി (എന്‍സിഎച്ച്ആര്‍ഒ), റൈഹാനത്ത് ടീച്ചര്‍ (വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്), റോയി അറയ്ക്കല്‍ (എസ്ഡിപിഐ), ഹംസ ചെമ്മാനം (വെല്‍ഫെയര്‍ പാര്‍ട്ടി), കെ എം സാബിര്‍ ആഷാന്‍ (ഫ്രട്ടേണിറ്റി മൂവ്‌മെന്റ്), ആസിഫ് എം നാസര്‍ (കാംപസ് ഫ്രണ്ട്), വിഷ്ണു (ഡിഎസ്ഒ), കെ മാരിയപ്പന്‍ (ആദിവാസി സംരക്ഷണസംഘം), കെ മായാണ്ടി (എസ് സി/എസ്ടി കോ-ഓഡിനേഷന്‍ കമ്മിറ്റി), ജയ്‌സണ്‍ (കേരള യുക്തിവാദി സംഘം) എന്നിവര്‍ പങ്കെടുക്കും.
പാലക്കാട് നോര്‍ത്ത് പോലിസ് സ്‌റ്റേഷനില്‍ സഹോദരങ്ങളായ മുഹമ്മദ് ബിലാലിനെയും അബ്ദുര്‍റഹ്മാനെയും വംശീയ ഉന്‍മൂലനം ലക്ഷ്യമിട്ടാണ് മൂന്നാംമുറയ്ക്ക് വിധേയമാക്കിയിട്ടുള്ളതെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടി. വയനാട്ടിലെ തലപ്പുഴ പോലിസ് സ്‌റ്റേഷനില്‍ പാലക്കാട് മോഡല്‍ നരനായാട്ടും ചേര്‍ത്തുവായിക്കുമ്പോള്‍ ചിത്രം വ്യക്തമാണ്. ഇഖ്ബാലിനെയും സമീറിനെയും നിസാരകാര്യത്തിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയിരിക്കുന്നു. മനുഷ്യാവകാശ- വിവരാവകാശ പ്രവര്‍ത്തകനായ കാജാ ഹുസൈനെയും മറ്റും ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തിയാണ് പോലിസ് അറസ്റ്റുചെയ്തത്. ഇടതു- വലതന്‍മാരും ബിജെപിയും സാമ്രാജ്യത്വ- സവര്‍ണ ബ്രാഹ്മണ- കോര്‍പറേറ്റ് മൂലധന മുതലാളിമാരുടെ വിശ്വസ്തസേവകരും വൈതാളികരുമാണ്. ഈ സാഹചര്യത്തിലാണ് അനീതിക്കെതിരേ ശബ്ദിക്കുന്നവരെ മുച്ചൂടും തീവ്രവാദികളായി മുദ്രയടിക്കുന്നത്.
ടാഡയും പോട്ടയും യസ്മയും യുഎപിഎയും എന്‍എസ്എയും കാപ്പയും ചുമത്തി ജാമ്യംപോലും നിഷേധിച്ച് ജയിലില്‍ അടയ്ക്കുന്നത്. ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി സ്ഥാപിക്കാനുള്ള കൗശലങ്ങളാണ് ഫാഷിസ്റ്റുകള്‍ ഒളിഞ്ഞും തെളിഞ്ഞും പയറ്റുന്നത്. ഇരകള്‍ എന്നും തമ്മിലടിച്ചുകൊണ്ടിരിക്കണമെന്നത് ഫാഷിസ്റ്റുകളുടെ ആവശ്യമാണ്. അതിനാല്‍, എല്ലിന്‍കഷണങ്ങളും ഉച്ചിഷ്ടങ്ങളും അവര്‍ വലിച്ചെറിഞ്ഞുകൊണ്ടേയിരിക്കുമെന്നും സംഘാടക സമിതി ഭാരവാഹികളായ കെ വാസുദേവന്‍, കെ കാര്‍ത്തികേയന്‍, വിളയോടി ശിവന്‍കുട്ടി, കെ മണികണ്ഠന്‍, എ ഗോപാലകൃഷ്ണന്‍ എന്നിവര്‍ കുറ്റപ്പെടുത്തി.