പാലക്കാട് വൈറസ് കേസുകള്‍ കൂടാന്‍ സാധ്യത; ജില്ലാ ആശുപത്രിയിലുള്ള കൊവിഡ് രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് മന്ത്രി എ കെ ബാലന്‍
പാലക്കാട് ജില്ലയില്‍ ആരോഗ്യവിഭാഗത്തിന് വന്‍വീഴ്ചകളുണ്ടായെന്ന ആക്ഷേപം ശക്തമാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ വീണ്ടും ജോലിക്ക് നിയോഗിച്ചത് രോഗം പടരാന്‍ കാരണമായെന്നാണ് ആരോപണം.
പാലക്കാട്: ജില്ലയില്‍ കൊവിഡ് രോഗികള്‍ കൂടുന്നതില്‍ ആശങ്ക അറിയിച്ച് മന്ത്രി എ കെ ബാലന്‍. ഈ സാഹചര്യത്തില്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ മതിയാവില്ല. നിലവില്‍ സാധാരണ അസുഖങ്ങള്‍ക്കും കൊവിഡ് രോഗത്തിനും ചികില്‍സിക്കുന്നത് ജില്ലാ ആശുപത്രിയിലുള്ള അടുത്തടുത്തുള്ള കെട്ടിടങ്ങളിലാണ്. അതിനാല്‍, രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കികൊണ്ടുതന്നെ കൊവിഡ് രോഗികളെ പൂര്‍ണമായും ഉടന്‍ പാലക്കാട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള പാലക്കാട് ജില്ലയില്‍ ജാഗ്രത ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരില്‍ കൊവിഡ് പടരാതിരിക്കാനുള്ള മുന്‍കരുതലെടുത്തിട്ടുണ്ട്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് നടപടിയായെന്നും ഏകോപനത്തിന് ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടറെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 178 കൊവിഡ് രോഗികളാണ് പാലക്കാട് ജില്ലയിലുള്ളത്. 2,760 പേരുടെ ഫലങ്ങളാണ് ഇനി വരാനുള്ളത്. അതേസമയം, പാലക്കാട് ജില്ലയില്‍ ആരോഗ്യവിഭാഗത്തിന് വന്‍വീഴ്ചകളുണ്ടായെന്ന ആക്ഷേപം ശക്തമാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ വീണ്ടും ജോലിക്ക് നിയോഗിച്ചത് രോഗം പടരാന്‍ കാരണമായെന്നാണ് ആരോപണം.
കഴിഞ്ഞമാസം ചെന്നൈയില്‍ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധന കൂടാതെ സംസ്‌കരിച്ചതിന് പിന്നാലെ ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചത് മറ്റൊരു വീഴ്ചയായി. ആശുപത്രിയില്‍നിന്ന് രക്ഷപെട്ട നിരീക്ഷണത്തിലുണ്ടായിരുന്ന തമിഴ്‌നാട്ടുകാരനെക്കുറിച്ചും വിവരമല്ല. നഴ്‌സുമാര്‍, ഓഫിസ് ക്ലാര്‍ക്ക്, ശുചീകരണവിഭാഗം ഇങ്ങനെ വിവിധ തലത്തിലുളളവര്‍ക്ക് രോഗം ബാധിക്കാന്‍ കാരണം കൊവിഡ് രോഗികളുമായുളള സമ്പര്‍ക്കമാണ്. ജില്ലാ ആശുപത്രിയില്‍ മാത്രം 14 പേര്‍ക്ക് രോഗം ബാധിച്ച സാഹചര്യത്തിലാണ് ആരോഗ്യവിഭാഗത്തിനെതിരേ വിമര്‍ശനമുയര്‍ന്നത്.