പാലാരിവട്ടം പാലം സിപിഎം ആയുധമാക്കും; യുഡിഎഫിനും മുസ്ലീം ലീഗിനും തിരിച്ചടി
47 കോടി രൂപ വകയിരുത്തിയ പാലം നിര്‍മാണം വളരെ കുറഞ്ഞ തുകയ്ക്ക് കരാര്‍ കൊടുത്തതുമുതല്‍ കരാറുകാരെ തിരഞ്ഞെടുത്തതിലും അനധികൃതമായി മുന്‍കൂര്‍ പണം അനുവദിച്ചതിലും ആസൂത്രിത അഴിമതി നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയത്.
തിരുവനന്തപുരം: പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കുന്നതിനുള്ള സുപ്രീംകോടതി ഉത്തരവ് വന്നതോടെ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ വിജിലന്‍സ് കേസില്‍ അന്വേഷണം മുറുകും. അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഏകദേശം അവസാനഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, വര്‍ഷാവസാനത്തോടെ കേസ് വരുമ്പോള്‍ പ്രതികൂട്ടിലാവുക യുഡിഎഫ് ആയിരിക്കും. അതിനാല്‍ സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയ യുഡിഎഫിനും മുസ്ലിം ലീഗിനും പാലാരിവട്ടം കേസ് വരും നാളുകളില്‍ കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. അന്വേഷണം വഴിയിലുപേക്ഷിച്ചിട്ടില്ല. കൃത്യമായി നടക്കുന്നുണ്ട്. എന്തോ കാരണത്താല്‍ അതുസംബന്ധിച്ച് വലിയതോതില്‍ വാര്‍ത്തകളുണ്ടാവുന്നില്ലെന്നേയുള്ളൂ എന്നാണ് പിണറായി ദ്വയാര്‍ത്ഥത്തില്‍ ഇന്നലെ വ്യക്തമാക്കിയത്.
നിര്‍മാണത്തിനുപിന്നിലെ അഴിമതി കണ്ടെത്താന്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായത് അന്നത്തെ പൊതുമരാമത്തു മന്ത്രിയും സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവരാണ്. നിര്‍മാണകരാറുകാരായ ആര്‍ഡിഎസ് പ്രോജക്ട്‌സ്, കണ്‍സള്‍ട്ടന്റ് കിറ്റ്‌കോ, നിര്‍വഹണ ചുമതലയുണ്ടായിരുന്ന കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ (ആര്‍.ബി.ഡി.സി.കെ) തുടങ്ങിയ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളായി. വിജിലന്‍സ് ഡിവൈഎസ്പി ആര്‍ അശോക് കുമാറിനായിരുന്നു അന്വേഷണ ചുമതല. 47 കോടി രൂപ വകയിരുത്തിയ പാലം നിര്‍മാണം വളരെ കുറഞ്ഞ തുകയ്ക്ക് കരാര്‍ കൊടുത്തതുമുതല്‍ കരാറുകാരെ തിരഞ്ഞെടുത്തതിലും അനധികൃതമായി മുന്‍കൂര്‍ പണം അനുവദിച്ചതിലും ആസൂത്രിത അഴിമതി നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയത്. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, ആര്‍ഡിഎസ് ഉടമ സുമിത് ഗോയല്‍, ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്ന എം ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവര്‍ അറസ്റ്റിലായി. ടി ഒ സൂരജിന്റെ മൊഴിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയാക്കി. മൂന്നുവട്ടം ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തുകഴിഞ്ഞു. മന്ത്രിയുടെ ഉത്തരവനുസരിച്ചാണ് കരാറുകാരന് 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയതെന്നായിരുന്നു സൂരജിന്റെ മൊഴി. ഉദ്യോഗസ്ഥരാണ് അഴിമതി നടത്തിയതെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം.