പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് വൈകുന്നത് ദുരൂഹമെന്ന് എസ്ഡിപിഐ
ഖജനാവിനു കോടികളുടെ നഷ്ടവും പൊതുസമൂഹത്തിനു ദുരിതവും വരുത്തിയ അഴിമതിക്കേസില്‍ കുറ്റക്കാരനെ അറസ്റ്റുചെയ്യാന്‍ മുഖ്യമന്ത്രി കാണിക്കുന്ന അലംഭാവം ഇടതുമുന്നണി തീരുമാനപ്രകാരമാണോ എന്നു വ്യക്തമാക്കണം. മേല്‍പാലം നിര്‍മാണക്കരാര്‍ ജോലി ആര്‍ഡിഎസ് കമ്പനിക്കു ലഭിക്കുന്നതിന് കൃത്രിമം നടത്തിയെന്ന വിജിലന്‍സ് റിപോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്.
കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുവൈകുന്നത് ദുരൂഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരേ ശക്തമായ തെളിവുകള്‍ വിജിലന്‍സിനു നല്‍കിയിട്ടും അദ്ദേഹത്തെ രക്ഷിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചുകളിക്കുകയാണ്. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നു നാഴികയ്ക്കു നാല്‍പ്പതുവട്ടവും ആണയിടുന്ന പിണറായി, ഇബ്രാഹിം കുഞ്ഞിനെ തൊടാന്‍ മടിച്ചുനില്‍ക്കുന്നത് ബിസിനസ് പാര്‍ട്ണര്‍മാരായ ലീഗിലെ ഉന്നതന്‍മാരുമായുള്ള രഹസ്യധാരണ മൂലമാണെന്ന സംശയം ശക്തമാണെന്ന് റോയ് അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഖജനാവിനു കോടികളുടെ നഷ്ടവും പൊതുസമൂഹത്തിനു ദുരിതവും വരുത്തിയ അഴിമതിക്കേസില്‍ കുറ്റക്കാരനെ അറസ്റ്റുചെയ്യാന്‍ മുഖ്യമന്ത്രി കാണിക്കുന്ന അലംഭാവം ഇടതുമുന്നണി തീരുമാനപ്രകാരമാണോ എന്നു വ്യക്തമാക്കണം. മേല്‍പാലം നിര്‍മാണക്കരാര്‍ ജോലി ആര്‍ഡിഎസ് കമ്പനിക്കു ലഭിക്കുന്നതിന് കൃത്രിമം നടത്തിയെന്ന വിജിലന്‍സ് റിപോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. പാലം നിര്‍മാണത്തിനു ആര്‍ഡിഎസ് കമ്പനി 47.68 കോടി രൂപയുടെ ടെന്‍ഡറാണ് നല്‍കിയിരുന്നതെങ്കിലും 42 കോടിയുടെ ടെന്‍ഡര്‍ നല്‍കിയ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയെ മറികടക്കാന്‍ ടെന്‍ഡര്‍ രേഖ തിരുത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ടെന്‍ഡര്‍ പൊട്ടിക്കുമ്പോള്‍ തുക രേഖപ്പെടുത്തുന്ന രജിസ്റ്ററിലും തിരുത്തല്‍ വരുത്തി.
എന്നാല്‍, ടെന്‍ഡറിലെ തിരുത്തിയ തുകയും രജിസ്റ്ററിലെ തിരുത്തിയ തുകയും തമ്മില്‍ വ്യത്യാസമുണ്ട്. ടെന്‍ഡര്‍ രജിസ്റ്ററില്‍ മറ്റു കമ്പനികളുടെ തുക രേഖപ്പെടുത്തിയ കൈയക്ഷരവും ആര്‍ഡിഎസിന്റെ തുക രേഖപ്പെടുത്തിയ കൈയക്ഷരവും രണ്ടാണെന്നു വ്യക്തമായിരിക്കുകയാണ്. പാലം തകര്‍ന്നതുമൂലമാണ് ഇപ്പോള്‍ ഈ തട്ടിപ്പ് പുറംലോകമറിഞ്ഞത്. നിര്‍മാണക്കരാര്‍ നല്‍കിയതു മുതല്‍ ക്രമക്കേടിന്റെ കഥയാണ് പാലാരിവട്ടം പാലത്തിനു പറയാനുള്ളത്. കരാറുകാരന് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതും ചട്ടം ലംഘിച്ചാണ്.
ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടും ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി മുന്‍മന്ത്രി ഉള്‍പ്പടെയുള്ളവരെ രക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് കേരളജനത അനുവദിക്കില്ല. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് വൈകുന്ന പക്ഷം ശക്തമായ പ്രക്ഷോഭവുമായി എസ്ഡിപിഐ രംഗത്തുവരുമെന്നും റോയ് അറയ്ക്കല്‍ വ്യക്തമാക്കി. എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.