പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

ചോദ്യം ചെയ്യലുകള്‍ക്കായി നാലുദിവസത്തെ കസ്റ്റഡി വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2020-11-19 01:57 GMT

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ആരോഗ്യാവസ്ഥകൂടി ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇബ്രാഹിംകുഞ്ഞിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ വിജിലന്‍സ് ആവശ്യപ്പെടും. ചോദ്യം ചെയ്യലുകള്‍ക്കായി നാലുദിവസത്തെ കസ്റ്റഡി വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി ഈ നീക്കത്തെ എതിര്‍ക്കാനാണ് അഭിഭാഷകരുടെ നീക്കം. ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ നേരിട്ട് മരടിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തിയാണ് വി കെ ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് റിപോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് പ്രതിയെ ആശുപത്രിയില്‍ പോയി കാണാന്‍ ജഡ്ജി തീരുമാനിച്ചത്.

14 ദിവസത്തെ റിമാന്‍ഡ് കാലാവധി മുഴുവന്‍ ഇബ്രാഹിം കുഞ്ഞ് ലേക് ഷോര്‍ ആശുപത്രിയില്‍തന്നെ തുടരാനാണ് സാധ്യത. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കുറ്റകരമായ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, അനധികൃത സ്വത്ത് സമ്പാദനം, അധികാരദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കരാറുകാരായ ആര്‍ഡിഎസ് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയതും അഴിമതിക്ക് കളമൊരുക്കുന്നതിന് വേണ്ടിയായിരുന്നെന്നും പാലം പണിയില്‍ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെ ഗുരുതരമായ ക്രമക്കേട് നടന്നെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍.

Tags:    

Similar News