കെ എം ഷാജിക്ക് തിരിച്ചടി; വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഹരജി തള്ളി

Update: 2022-11-04 09:23 GMT

കോഴിക്കോട്: കണ്ണൂരിലെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ടുള്ള മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ ഹരജി കോടതി തള്ളി. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ഹരജി തള്ളിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് 47.35 ലക്ഷം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തത്. ഈ പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണ് ഷാജി കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമാണിതെന്നായിരുന്നു ഷാജിയുടെ വാദം.

എന്നാല്‍, പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി ഹാജരാക്കിയ രേഖകളില്‍ കോടതി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. 20,000 രൂപയുടെ രസീതില്‍ പണം പിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 2013 ല്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഈ പരിശോധനയിലാണ് 47.35 ലക്ഷം രൂപ പിടികൂടിയത്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജിയുടെ ആവശ്യം അംഗീകരിച്ചാല്‍ കോഴക്കേസിനെ അത് ബാധിക്കുമെന്നാണ് വിജിലന്‍സ് കോടതിയില്‍ ഉയര്‍ത്തിയ എതിര്‍വാദം. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ഷാജി പ്രതികരിച്ചു.

Tags:    

Similar News