പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് പ്രതിചേര്‍ത്തു; പാലം രൂപകല്‍പന ചെയ്ത കണ്‍സള്‍ട്ടന്‍സി എംഡിയെ ചോദ്യം ചെയ്യുന്നു

പാലത്തിന്റെ നിര്‍മാണകരാര്‍ നല്‍കുന്ന സമയത്ത് കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എം ഡി യായിരുന്ന മുഹമ്മദ് ഹനീഷ്.കേസിലെ 10ാം പ്രതിയായിട്ടാണ് മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരാറുകാരന് അനധികൃതമായി വായ്പ നല്‍കാന്‍ ഒത്താശ ചെയ്തു.കരാറുകാരില്‍ നിന്നും സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തി എന്നിങ്ങനെയാണ് മുഹമ്മദ് ഹനീഷിനെതിരെ വിജിലന്‍സ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍

Update: 2020-11-19 05:26 GMT
പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് പ്രതിചേര്‍ത്തു; പാലം രൂപകല്‍പന ചെയ്ത കണ്‍സള്‍ട്ടന്‍സി എംഡിയെ ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ കൂടുതല്‍ നടപടികളുമായി വിജിലന്‍സ് സംഘം.പാലത്തിന്റെ നിര്‍മാണകരാര്‍ നല്‍കുന്ന സമയത്ത് കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എം ഡി യായിരുന്ന മുഹമ്മദ് ഹനീഷിനെയും പ്രതിയാക്കി. കേസിലെ 10ാം പ്രതിയായിട്ടാണ് മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരാറുകാരന് അനധികൃതമായി വായ്പ നല്‍കാന്‍ ഒത്താശ ചെയ്തു.കരാറുകാരില്‍ നിന്നും സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തി എന്നിങ്ങനെയാണ് മുഹമ്മദ് ഹനീഷിനെതിരെ വിജിലന്‍സ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍.കരാറുകാരന് 8.25 കോടി രൂപ അനധികൃതമായി മുന്‍കൂര്‍ നല്‍കിയിരുന്നു.ടെണ്ടര്‍ വ്യവസ്ഥ ലംഘിച്ചാണ് ഇത് അനുവദിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെയും ഈ കുറ്റം വിജിലന്‍സ് ചുമത്തിയിരുന്നു.നേരത്തെ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് ഇതു സംബന്ധിച്ച് ഇബ്രാഹിംകുഞ്ഞിനെതിരെയും മുഹമ്മദ് ഹനീഷിനെതിരെയും മൊഴി നല്‍കിയിരുന്നു. ഇതാണ് ഇവര്‍ക്ക് കുരുക്കായിരിക്കുന്നത്.നിലവില്‍ വ്യവസായവകുപ്പ് സെക്രട്ടറിയായ മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ടി ഒ സൂരജിന്റെ ആരോപണങ്ങള്‍ മുഴുവന്‍ മുഹമ്മദ് ഹനീഷ് തള്ളിക്കളയുകയായിരുന്നു.മുന്‍കൂര്‍ തുക ആവശ്യപ്പെട്ടുള്ള നിര്‍മാണകമ്പനിയുടെ കരാര്‍ താന്‍ കൈമാറുക മാത്രമാണ് ചെയ്തിട്ടുള്ളുവെന്നാണ് മുഹമ്മദ് ഹനീഷ് വിജിലന്‍സിനോട് പറഞ്ഞത്.

മുഹമ്മദ് ഹനീഷിനു പിന്നാലെ പാലം രൂപകല്‍പന ചെയ്ത ബംഗളുരുവുലെ കണ്‍ള്‍ട്ടന്‍സി എംഡിയെ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.ചോദ്യം ചെയ്യലിനു ശേഷം ഇദ്ദേഹത്തിന്റെ കാര്യത്തില്‍ തുടര്‍ നടപടികളുണ്ടാകുമെന്നാണ് വിവരം.ഇന്നലെ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അടക്കം കേസില്‍ ഇതുവരെ അഞ്ചു പേരാണ് അറസ്റ്റിലായത്.

പൊതുമരാമത്ത് മുന്‍ സെക്രട്ടി ടി ഒ സൂരജ്, ആര്‍ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്കോയുടെ ജനറല്‍ മാനേജറായിരുന്ന ബെന്നി പോള്‍, നിര്‍മാണ മേല്‍നോട്ടചുമതലയുണ്ടായിരുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്‌കോര്‍പറേഷന്‍(ആര്‍ബിഡിസികെ) അഡീഷണല്‍ ജനറല്‍ മാനേജരായിരുന്ന എം ഡി തങ്കച്ചന്‍ എന്നിവരെ 2019 ആഗസ്ത് 30 ന് വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.തുടര്‍ന്ന് റിമാന്റിലായിരുന്നു ഇവര്‍ രണ്ടു മാസത്തോളം ജയിലില്‍ കിടന്നതിനു ശേഷം 2019 നവംബറില്‍ ജാമ്യത്തിലിറങ്ങിയിരുന്നു.ഇതിനു ശേഷം ഇന്നലെയാണ് കേസിലെ അഞ്ചാം പ്രതിയായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തത്.

Tags:    

Similar News