പരിശോധനകള്‍ പൂര്‍ത്തിയായി; പാലാരിവട്ടം മേല്‍പ്പാലം ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്ന് ഇ ശ്രീധരന്‍

പാലത്തിന്റെ മുഴുവന്‍ നിര്‍മ്മാണ ജോലികളും രണ്ടു ദിവസത്തിനുള്ളില്‍ കഴിയും.ഞായറാഴ്ചക്കു മുമ്പു തന്നെ പാലം സര്‍ക്കാരിന് കൈമാറാനാണ് ലക്ഷ്യമിടുന്നത്.പാലത്തിലെ ഭാര പരിശോധന വിജയകരമായി പൂര്‍ത്തിയായിക്കഴിഞ്ഞു.ഗതാഗതത്തിനായി പാലം എന്നു തുറന്നുകൊടുക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Update: 2021-03-04 05:04 GMT

കൊച്ചി: പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പരിശോധനകള്‍ പൂര്‍ത്തിയായി. പാലം ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്ന് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. പാലത്തില്‍ അവസാന വട്ട പരിശോധന നടത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലത്തിന്റെ മുഴുവന്‍ നിര്‍മ്മാണ ജോലികളും രണ്ടു ദിവസത്തിനുള്ളില്‍ കഴിയും.ഞായറാഴ്ചക്കു മുമ്പു തന്നെ പാലം സര്‍ക്കാരിന് കൈമാറാനാണ് ലക്ഷ്യമിടുന്നത്.

പാലത്തിലെ ഭാര പരിശോധന വിജയകരമായി പൂര്‍ത്തിയായിക്കഴിഞ്ഞു.ഗതാഗതത്തിനായി പാലം എന്നു തുറന്നുകൊടുക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഈ പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത ക്രെഡിറ്റ് കിട്ടാന്‍ വേണ്ടിയല്ല.ഏത് ഏജന്‍സി ഏറ്റെടുത്താലം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് 18 മാസമെങ്കിലും എടുക്കും.എന്നാല്‍ തങ്ങള്‍ക്ക് വേഗത്തില്‍ നിര്‍മ്മാണം തീര്‍ക്കാന്‍ സാധിച്ചുവെന്നും ഇ ശ്രീധരന്‍ പറഞ്ഞു.അതിവേഗം പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ച ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിക്കുന്നുവെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

ഡിഎംആര്‍സിയുടെ യൂണിഫോമില്‍ തന്റെ അവസാന ദിവസമാണിന്ന്.ഡിഎംആര്‍സിയില്‍ നിന്നും ഇറങ്ങിയതിനു ശേഷം മാത്രമെ താന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുകയുള്ളുവെന്നും ഈ ശ്രീധരന്‍ പറഞ്ഞു.ഡിഎംആര്‍സിയുടെ നിര്‍മ്മാണ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.അഞ്ചു മാസവും 10 ദിവസവും മാത്രമെടുത്താണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പാലം ഗതാഗതത്തിന് തുറന്ന്‌കൊടുത്ത് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന് അപകടാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പാലം അടച്ചിടുകയും പുനര്‍നിര്‍മാണം ആരംഭിക്കുകയുമായിരുന്നു.

പാലം നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് പൊതുമരാമത്ത് മുന്‍ സെക്രട്ടി ടി ഒ സൂരജ്, ആര്‍ഡിഎസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയുടെ ജനറല്‍ മാനേജറായിരുന്ന ബെന്നി പോള്‍, നിര്‍മാണ മേല്‍നോട്ടചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്‌കോര്‍പറേഷന്‍(ആര്‍ബിഡിസികെ) അഡീഷണല്‍ ജനറല്‍ മാനേജരായിരുന്ന എം ഡി തങ്കച്ചന്‍ എന്നിവരെ 2019 ആഗസ്ത് 30 ന് വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. കേസില്‍ അഞ്ചാം പ്രതിയായിരുന്ന മുന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ കഴിഞ്ഞ വര്‍ഷം നവംബര്‍ 18 ന് വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.ഇവര്‍ എല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്.

Tags:    

Similar News