പാലാരിവട്ടം പാലം: ഭാര പരിശോധന തുടരുന്നു;മാര്‍ച്ച് നാലിനു മുമ്പായി സര്‍ക്കാരിന് റിപോര്‍ട്ടു കൈമാറും
അഞ്ചിനും എട്ടിനും ഇടയിലുള്ള ഏതെങ്കിലും തിയതില്‍ തന്നെ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തേക്കും.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ചടങ്ങുകള്‍ ഇല്ലാതെ ജനകീയമായി പാലം തുറന്നു കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമെന്നാണ് വിവരം
കൊച്ചി: നിര്‍മ്മാണം പൂര്‍ത്തിയായ പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിനു മുന്നോടിയായി ആരംഭിച്ച പാലത്തിന്റെ ഭാര പരിശോധന ഉടന്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപോര്‍ട് കൈമാറും.ഇന്ന് രാവിലെ മുതല്‍ പാലത്തില്‍ വാഹനത്തില്‍ ഭാരം കയറ്റിയുളള പരിശോധന ആരംഭിച്ചു.അടുത്ത മാസം നാലിനു മുമ്പുതന്നെ ഇത് സംബന്ധിച്ച് റിപോര്‍ട് തയ്യാറാക്കി സര്‍ക്കാരിനു കൈമാറും.അഞ്ചിനും എട്ടിനും ഇടയിലുള്ള ഏതെങ്കിലും തിയതില്‍ തന്നെ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പു തന്നെ വിപുലമായ ഉദ്ഘാടന ചടങ്ങ് നടത്തി പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രതീക്ഷിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചടങ്ങുകള്‍ ഇല്ലാതെ ജനകീയമായി പാലം തുറന്നു കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമെന്നാണ് വിവരം.35 മീറ്റര്‍ നീളമുള്ള രണ്ടു സ്പാനുകളും 20 മീറ്റര്‍ നീള മുള്ള 17 സ്പാനുകളുമാണ് പാലാരിവട്ടം മേല്‍പ്പാലത്തിലുള്ളത്.ഇവയില്‍ ഒരോന്നിലുമാണ് ഭാര പരിശോധന നടത്തുന്നത്.
220 ടണ്‍ ഭാരം കയറ്റിയാണ് പരിശോധന.30 ടണ്‍ വീതം കയറ്റിയ നാലു ട്രക്കുകളും 25 ടണ്‍ വീതമുള്ള നാലു ട്രക്കുകളുമാണ് ഭാര പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്.ആദ്യം 30 മീറ്റര്‍ നീളമുള്ള സ്പാനുകളിലാണ് പരിശോധന. ഇതിനു ശേഷമാണ് 20 മീറ്റര്‍ നീളമുള്ള സ്പാനുകളില്‍ പരിശോധന നടത്തുന്നത്.കോടികള്‍ മുടക്കി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ച പാലം ഗതാഗതത്തിനു തുറന്നുകൊടുത്ത് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നതോടെയാണ് പാലം അടച്ചത്.പിന്നീട് മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ സെപ്തംബറിലാണ് പാലത്തിന്റെ പുനര്‍ നിര്‍മാണം ആരംഭിച്ചത്.എട്ടു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും 160 ദിവസങ്ങള്‍കൊണ്ടു തന്നെ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുകയാണ്.പാലത്തിന്റെ പെയിന്റിംഗ് അടക്കം അടിയന്തരമായി പൂര്‍ത്തിയാക്കി അഞ്ചാം തിയതി തന്നെ പാലം കൈമാറാനാണ് ഡിഎംആര്‍സി ലക്ഷ്യമിടുന്നത്.