പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതി:പാലം രൂപകല്‍പന ചെയ്ത കണ്‍സള്‍ട്ടന്‍സി ഉടമയക്ക് ജാമ്യം
കേസിലെ 13ാം പ്രതിയും ബംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സി മാനേജിങ് പാര്‍ട്നറുമായ ബി വി നാഗേഷിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപയ്ക്കു തുല്യമായ രണ്ടാള്‍ ജാമ്യമാണ് വ്യവസ്ഥ. കോടതിയിലൊ അന്വേഷണ സംഘത്തിനു മുമ്പാകെയോ കേസുമായി ബന്ധപ്പെട്ട ആരെങ്കിലും സമീപിക്കുന്നതു തടയുന്ന രീതിയില്‍ അവരെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ലെന്നു ഉത്തരവില്‍ പറയുന്നു
കൊച്ചി:പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ടു വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ 13ാം പ്രതിയും ബംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സി മാനേജിങ് പാര്‍ട്നറുമായ ബി വി നാഗേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടിയിരുന്നു.തുടര്‍ന്നു ഇയാളെ ജുഡീഷ്യല്‍ കസ്റ്റയില്‍ സൂക്ഷിക്കേണ്ടതില്ലെന്നു കണ്ടെത്തിയാണ് ജാമ്യം അനുവദിച്ചത്.നാഗേഷിനെ റിമാന്റില്‍ വെക്കുന്നതിനു മറ്റു കാരണങ്ങള്‍ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. രണ്ടു ലക്ഷം രൂപയ്ക്കു തുല്യമായ രണ്ടാള്‍ ജാമ്യമാണ് വ്യവസ്ഥ.
കോടതിയിലൊ അന്വേഷണ സംഘത്തിനു മുമ്പാകെയോ കേസുമായി ബന്ധപ്പെട്ട ആരെങ്കിലും സമീപിക്കുന്നതു തടയുന്ന രീതിയില്‍ അവരെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ലെന്നു ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിക്കുന്ന സമയത്ത് ഹാജരാവണം. വിജിലന്‍സ് കോടതിയുടെ അനുമതിയില്ലാതെ വിദേശ യാത്ര ചെയ്യാന്‍ പാടില്ല. സമാന സ്വഭാവത്തിലുള്ള കേസുകളില്‍ പ്രതിയാകാനോ സഹകരിക്കുകയോ ചെയ്യരുത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നവംബര്‍ 18നു അറസ്റ്റു ചെയ്ത നഗേഷിനെ കോടതി റിമാന്റ് ചെയ്തിരിക്കുകയായിരുന്നു. കേസന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും മുഖ്യ പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം കിട്ടിയെന്നും കാണിച്ചായിരുന്നു ഇദ്ദേഹം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.പാലാരിവട്ടം പാലത്തിന്റെ രൂപ രേഖ തയാറാക്കിയത് നാഗേഷ് കണ്‍സള്‍ട്ടന്‍സിയായിരുന്നു.