പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസ്: വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം

കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലെ അഞ്ചാം പ്രതിയാണ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ.അര്‍ബുദ രോഗബാധിതനായ ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്

Update: 2021-01-08 09:32 GMT

കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലെ അഞ്ചാം പ്രതിയാണ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ.അര്‍ബുദ രോഗബാധിതനായ ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് ഉപാധികളോടെ കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടിവെയക്കണം,സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്,പാസ് പോര്‍ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകാന്‍ പാടില്ല എന്നിങ്ങനെയാണ് ഉപാധികള്‍.കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന പക്ഷം അതിന് തയാറാകണമെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തെ മുസ് ലിം സംഘടനയുടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി അനുമതി തേടി ഇബ്രാഹിംകുഞ്ഞ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ വിവരം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയും ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്തിരുന്നു.സംഘടനാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെങ്കില്‍ ജെയിലില്‍ പോകാനും ഇബ്രാഹിംകുഞ്ഞ് തയ്യാറാകണമെന്ന് കോടതി പറഞ്ഞിരുന്നു.ഇതേ തുടര്‍ന്ന് ഈ അപേക്ഷ ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചിരുന്നു.

തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടെന്നും ഇതിനായുള്ള ചികില്‍സ മൂന്നാം ഘട്ടത്തില്‍ നില്‍ക്കുകയാണെന്നും ഈ ഘട്ടത്തില്‍ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് പോകേണ്ടിവന്നാല്‍ ജീവനോടെ തനിക്ക് തിരിച്ചു വരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ചികില്‍സയില്‍ ഇരിക്കെയാണ് ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ നവംബര്‍ 18 നാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്.തുടര്‍ന്ന് അന്നു മുതല്‍ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ റിമാന്റില്‍ കഴിയുകയാണ്.തുടര്‍ന്ന് ജാമ്യം തേടി മൂവാറ്റു പുഴ വിജിലന്‍സ് കോടതിയെ സമീപിച്ചുവെങ്കിലും ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News