പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: ഒരാഴ്ചയക്കുള്ളില്‍ വിജിലന്‍സ് റിപോര്‍ട് സമര്‍പ്പിച്ചേക്കും; മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു

2014ല്‍ പാലം നിര്‍മാണം നടക്കുമ്പോള്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ എം ഡിയായിരുന്നു മുഹമ്മദ് ഹനീഷ്. വിജിലന്‍സ് ഡിവൈ എസ് പി ആര്‍ ആശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കെ എം ആര്‍ എല്‍ ഓഫിസിലെത്തിയാണ് മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തിയത്. രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കല്‍ നടപടികള്‍ ഉച്ചക്ക് 12നാണ് അവസാനിച്ചത്

Update: 2019-05-18 17:24 GMT

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം എ പി എം മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തി.2014ല്‍ പാലം നിര്‍മാണം നടക്കുമ്പോള്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ എം ഡിയായിരുന്നു മുഹമ്മദ് ഹനീഷ്. വിജിലന്‍സ് ഡിവൈ എസ് പി ആര്‍ ആശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കെ എം ആര്‍ എല്‍ ഓഫിസിലെത്തിയാണ് മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തിയത്. രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കല്‍ നടപടികള്‍ ഉച്ചക്ക് 12നാണ് അവസാനിച്ചത്. പാലം നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച കിറ്റ്‌കോ ജീവനക്കാരില്‍ നിന്ന് അന്വേഷണസംഘം നാളെ മൊഴിയെടുക്കും. പാലം പണി കരാറെടുത്ത ആര്‍ ഡി എസ് കമ്പനി ജീവനക്കാരുടെയും കോണ്‍ട്രാക്ടറുടെയും മൊഴി വിജിലന്‍സ് സംഘം കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

അതിനിടെ പാലം നിര്‍മാണത്തിന് ഉപയോഗിച്ച സിമന്റുകളുടെയും കമ്പികളുടെയും സാമ്പിളുകളുടെ പരിശോധന ഫലം 22ന് ലഭ്യമാകും. നിര്‍മാണത്തിനുപയോഗിച്ച സിമന്റ്, കമ്പി, ടാര്‍ എന്നിവയില്‍ കൃത്രിമം നടന്നോയെന്ന് തെളിയിക്കുന്നതിനാണ് സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. കാക്കനാടുള്ള റീജ്യണല്‍ ലാബിലാണ് ഇവയുടെ പരിശോധന. എന്നാല്‍ ചില പരിശോധനകള്‍ക്ക് ഇവിടെ സൗകര്യമില്ലാത്തതിനാല്‍ അവ തിരുവനന്തപുരത്തെ റീജ്യണല്‍ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുന്നതിനാലാണ് പരിശോധനാ ഫലങ്ങള്‍ വൈകുന്നത്. ഇവ ലഭ്യമാകുന്നതോടെ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി ഒരാഴ്ച്ചക്കുള്ളില്‍ റിപോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. 

Tags:    

Similar News