പാലത്തായി കേസ്: അന്വേഷണസംഘം പ്രതിയെ സംരക്ഷിക്കാന്‍ ഇരയ്ക്കെതിരേ വ്യാജ റിപ്പോര്‍ട്ട് ചമയ്ക്കുന്നു- എസ്ഡിപിഐ
കേസിന്റെ തുടക്കം മുതല്‍ പോലിസിന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട് പ്രതിക്ക് അനുകൂലമായിരുന്നു. പ്രതി കൈയെത്തും ദൂരത്തുണ്ടായിട്ടും ഏറെ ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം: ബിജെപി നേതാവ് പ്രതിയായ കണ്ണൂര്‍ പാലത്തായി പീഡന കേസില്‍ അന്വേഷണസംഘം ഇരയ്‌ക്കെതിരെ ഹൈക്കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പ്രതിയെ സംരക്ഷിക്കുന്നതിനാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. പീഡനത്തിന് ഇരയായ 11 കാരിക്ക് നുണ പറയുന്ന ശീലവും വിചിത്ര ഭാവനകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം കേസില്‍ നിര്‍ണായകമാകേണ്ട മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടുമില്ല. കൂടാതെ പോലിസുകാരുടെയും പ്രതിക്ക് അനുകൂലമാകുന്ന വിദ്യാര്‍ത്ഥികളുടെയും സ്‌കൂള്‍ അധികൃതരുടെയും സാക്ഷിമൊഴികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഈ കേസ് അട്ടിമറിക്കാനും ബിജെപി നേതാവായ പ്രതി കുനിയില്‍ പത്മരാജനെ രക്ഷിക്കാനും അന്വേഷണ സംഘം നടത്തുന്ന ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കേസിന്റെ തുടക്കം മുതല്‍ പോലിസിന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട് പ്രതിക്ക് അനുകൂലമായിരുന്നു. പ്രതി കൈയെത്തും ദൂരത്തുണ്ടായിട്ടും ഏറെ ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അറസ്റ്റു ചെയ്തത്. കുറ്റപത്രം സമര്‍പ്പിക്കാതെ ജാമ്യം എളുപ്പമാക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിതമാവുകയായിരുന്നു. എന്നാല്‍ പോക്സോ വകുപ്പുകള്‍ ഒഴിവാക്കിയത് പ്രതിക്ക് ഏറെ അനുകൂലമായി മാറി. ഇപ്പോള്‍ ഇരയായ അനാഥ ബാലികയെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് അന്വേഷണസംഘം നടത്തുന്നത്. സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടിനെതിരേ സംസ്ഥാന പോലിസ് മേധാവിയോ ആഭ്യന്തരവകുപ്പോ പ്രതികരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധവും പ്രക്ഷോഭങ്ങളും അവഗണിച്ചും നീതിയെ ചവിട്ടി മെതിച്ചുകൊണ്ടുമുള്ള സര്‍ക്കാരിന്റെയും പോലിസിന്റെയും ധാര്‍ഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങള്‍ക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇത്തരം സംഭവങ്ങള്‍ ഇടയാക്കും. അന്വേഷണ സംഘം മേധാവി എസ് ശ്രീജിത്തിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും തല്‍സ്ഥാനത്തുനിന്നു മാറ്റാനോ വനിതാ ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏല്‍പ്പിക്കാനോ സര്‍ക്കാര്‍ തയ്യാറാവാത്തത് ആഭ്യന്തര വകുപ്പ് സംഘപരിവാരത്തിന്റെ ആജ്ഞാനുവര്‍ത്തിയായി മാറിയതിന്റെ തെളിവാണെന്നും അബ്ദുല്‍ ജബ്ബാര്‍ വ്യക്തമാക്കി.