കോഴിക്കോട്: കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്. ലീഗ് നേതാക്കള്‍ കൂടി പങ്കെടുക്കുന്ന പരിപാടി യുഡിഎഫ് ഐക്യ സന്ദേശം കൂടി പകരുന്നതാകും. വൈകിട്ട് 3.30 ന് ആരംഭിക്കുന്ന റാലി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വി.ഡി സതീശന്‍, കെ സുധാകരന്‍, ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെകുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ റാലിയില്‍ സംസാരിക്കും.
മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമര്‍ശം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇന്ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുന്ന ശശി തരൂരിന്റെ വാക്കുകള്‍ ശ്രദ്ധയാകര്‍ശിക്കും.
കടപ്പുറത്ത് നടക്കുന്ന റാലിയില്‍ അരലക്ഷത്തിലേറെ പേര്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. സിപിഐഎം ഉള്‍പ്പെടെ ഫലസ്തീന്‍ നിലപാടില്‍ നിരന്തര വിമര്‍ശനം കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുമ്പോള്‍ രാഷ്ട്രീയ മറുപടിക്കുള്ള വേദികൂടിയാകും കടപ്പുറത്തെ കോണ്‍ഗ്രസ് റാലി. അതിനാല്‍ത്തന്നെ കൂടുതല്‍ വിവാദങ്ങളുണ്ടാകാതെ റാലി നടത്താനാണ് നേതാക്കളുടെ നിര്‍ദേശം.