പത്തനംതിട്ട: പന്തളത്തെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവായ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ ശംഖുമുഖം കടപ്പുറത്ത് നടന്ന ബിജെപിയുടെ വിജയ യാത്രയുടെ സമാപനവേദിയിലാണ് പ്രതാപന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. രാവിലെ വരെ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തിരുന്നു പ്രതാപന്‍. വൈകീട്ടോടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. അടൂര്‍ മണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടിരുന്ന ആളായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന വക്താവും മുന്‍മന്ത്രിയുമായ പന്തളം സുധാകരന്റെ അനുജന്‍ പ്രതാപന്‍.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പന്തളം മുനിസിപ്പാലിറ്റിയില്‍ ബിജെപിക്ക് ഭരണം പിടിക്കാന്‍ സഹായിച്ചത് പ്രതാപനായിരുന്നു. ഇത് നേരത്തെ തേജസ് തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. ബിജെപിയ്ക്ക് ഭരണം പിടിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷം മല്‍സരിക്കാതെ മാറിനില്‍ക്കുകയായിരുന്നു പ്രതാപനെന്നായിരുന്നു വിമര്‍ശനമുയര്‍ന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരാനുള്ള സാധ്യതയായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്നത്. അങ്ങനെ ആയാല്‍ ചെയര്‍മാനാവാന്‍ സാധ്യതയുള്ള പ്രതാപന്‍ മല്‍സരിക്കാതെ മാറിനിന്നു. വ്യക്തമായ ധാരണയോടെയായിരുന്നു ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപിക്ക് സഹായകമായ രീതിയില്‍ ഓരോ വാര്‍ഡുകളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഇടപെട്ടിരുന്നതും പ്രതാപനായിരുന്നു. കൃത്യമായ രീതിയില്‍ പല വാര്‍ഡുകളിലും കോണ്‍ഗ്രസ് റിബലുകളെയും പ്രതാപന്റെ നേതൃത്വത്തില്‍ രംഗത്തിറക്കി. അടുത്ത നിയമസഭയില്‍ അടൂര്‍ മണ്ഡലത്തില്‍നിന്നും മല്‍സരിക്കാന്‍ സാധ്യതയുള്ള ആളായിരുന്നു പ്രതാപന്‍. ആര്‍എസ്എസ്സുമായി വലിയ അടുപ്പം പുലര്‍ത്തിവരുന്ന പന്തളത്തെ ഒരുകൂട്ടം പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ നേതാവ് പ്രതാപനാണെന്നാണ് പൊതുവെയുള്ള സംസാരം.